കൊയിലാണ്ടി ഗവ. ആശുപത്രി വികസന സമിതി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി

കൊയിലാണ്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കൊയിലാണ്ടി ഗവ. ആശുപത്രി വികസന സമിതി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം എ ഷാജി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം ലജിഷ എ പി അധ്യക്ഷത വഹിച്ചു.

വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള എച്ച് എം സി തീരുമാനം ഉപേക്ഷിക്കുക. ആശുപത്രി സൂപ്രണ്ടിന്റെയും ഓഫീസിന്റെയും തൊഴിലാളികളോടുള്ള ദ്രോഹനടപടികൾ അവസാനിപ്പിക്കുക, അന്യായമായ ബോണ്ട് ബ്രേക്ക് സംവിധാനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രശ്മി കൊയിലാണ്ടി, നന്ദകുമാർ ഒഞ്ചിയം എന്നിവർ സംസാരിച്ചു.

യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ലീന എ കെ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 22ന് അത്യാഹിത വിഭാഗം തടസ്സപ്പെടാത്ത രീതിയിൽ 24 മണിക്കൂർ സൂചന പണിമുടക്ക് സമരത്തിലേക്ക്. സെക്രട്ടറി ശൈലേഷ് കെ കെ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗമായ ബിജീഷ് നന്ദിയും പറഞ്ഞു.
