KOYILANDY DIARY.COM

The Perfect News Portal

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ വ്യാഴാഴ്‌ച അന്വേഷകസംഘത്തിന് കൈമാറിയേക്കും

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ വ്യാഴാഴ്‌ച അന്വേഷകസംഘത്തിന് കൈമാറിയേക്കും. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്‌ കൊട്ടാരക്കര ഫസ്റ്റ്‌ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രതികളെ വ്യാഴാഴ്‌ച കോടതിയിലെത്തിക്കും.  

പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന്‌ ആവശ്യപ്പെടാൻ പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

 

കസ്റ്റഡിയിൽ കിട്ടുന്നതോടെ പ്രതികളെ സംഭവസ്ഥലങ്ങളിലെത്തിച്ച്‌ മൂന്നുദിവസത്തിനകം തെളിവെടുപ്പ്‌ പൂർത്തിയാക്കാനാണ്‌ ശ്രമം. പ്രതികൾ ഉപയോഗിച്ച ലാപ്‌ടോപ്‌, പെൻഡ്രൈവ്‌ അടക്കമുള്ളവ പരിശോധിക്കും. പ്രതികൾ പാർപ്പിച്ച വീട്ടിൽ പെൺകുട്ടിയെ എത്തിച്ച്‌ തെളിവെടുക്കും. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ്‌ ശ്രമം. പൂയപ്പള്ളി കാറ്റാടി ഓട്ടുമല സ്വദേശിനിയായ കുട്ടിയെ കഴിഞ്ഞ 27നു വൈകിട്ട്‌ 4.45നാണ്‌ വീടിനു സമീപത്തുനിന്ന്‌ കാറിൽ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം പകൽ 1.20ന്‌ കുട്ടിയെ കൊല്ലം നഗരമധ്യത്ത്‌ ആശ്രാമം മൈാതാനത്തുനിന്നു കണ്ടെത്തി.

Advertisements

 
പത്മകുമാർ അതീവ സുരക്ഷാസെല്ലിൽ
 
കൊല്ലം > ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ  മുഖ്യപ്രതി പത്മകുമാർ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാസെല്ലിൽ. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദനദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപാണ്‌ സെല്ലിലെ സഹതടവുകാരൻ. ഇരുവരും വളരെ സൗഹാർദപരമായാണ്‌ കഴിയുന്നതെന്ന്‌ ജയിൽ അധികൃതർ പറഞ്ഞു. മലയാളികളെയാകെ പരിഭ്രാന്തിയിലാഴ്‌ത്തിയ തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ മറ്റുപ്രതികളുടെ രോഷപ്രകടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ്‌ പത്മകുമാറിനെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയത്‌.

 

24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണമുണ്ട്‌. സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൊല്ലം കലക്ടറേറ്റിൽ ബോംബ്‌ സ്ഫോടനം നടത്തിയ പ്രതികൾ ഉൾപ്പെടെ ഗുരുതര കേസുകളിൽ ഉൾപ്പെട്ടവരെയാണ്‌ ജയിലിലെ ആറ്‌ അതീവ സുരക്ഷാസെല്ലിൽ പാർപ്പിച്ചിട്ടുള്ളത്‌. കൊട്ടാരക്കര സബ്ജയിലിലേക്ക് അയച്ച പത്മകുമാറിനെ ജയിൽ ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ്‌ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റിയത്‌. 

ശാന്തമായാണ് പത്മകുമാർ പെരുമാറുന്നതെന്നും ഭക്ഷണം എല്ലാം കഴിക്കുന്നതായും ജയിൽ അധികൃതർ പറഞ്ഞു. സോളാർ കേസ്‌ പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്‌ണൻ ഉൾപ്പെടെ നാല്‌ അഭിഭാഷകർ കഴിഞ്ഞ ദിവസം ജയിലിൽ പത്മകുമാറിനെ സന്ദർശിച്ചു. തട്ടിക്കൊണ്ടുപോയ കേസിലെ മറ്റു പ്രതികളായ അനിതകുമാരിയെയും മകൾ പി അനുപമയെയും അട്ടക്കുളങ്ങര വനിതാ ജയിലിൽ പ്രത്യേകം  സെല്ലിലാണ്‌ പാർപ്പിച്ചിരിക്കുന്നത്‌.

കേസിന്റെ തുടരന്വേഷണചുമതല  ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‍പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്‌. ഡോ. വന്ദനദാസിനെ കുത്തിക്കൊന്ന കേസും എം എം ജോസാണ് അന്വേഷിച്ചത്. ക്രൈംബ്രാഞ്ച്‌ കൊട്ടാരക്കര ഫസ്റ്റ്‌ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രതികളെ വ്യാഴാഴ്‌ച അന്വേഷകസംഘത്തിന് കൈമാറിയേക്കും.  

തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന്‌ ആവശ്യപ്പെടാൻ പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. 
ഇതിനിടെ പ്രതി പത്മകുമാറിന്റെ നെടുങ്ങോലം പോളച്ചിറയിലെ ഫാമിൽ മൃഗസംരക്ഷണ ബോർഡിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച പരിശോധന നടത്തി. രണ്ടു പശു,  നാല് കാള,  16 നായകൾ എന്നിവയാണ്‌ ഫാമിലുള്ളത്‌.

Share news