KOYILANDY DIARY

The Perfect News Portal

സെല്ലി കീഴുർ എഴുതിയ ചെറുകഥ ”ഖബർസ്ഥാൻ”

സെല്ലി കീഴുർ എഴുതിയ ചെറുകഥ ”ഖബർസ്ഥാൻ”.. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ടിക്ടോക്കും നോക്കി സമയം പോയതറിഞ്ഞില്ല.
ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഒരു മണിക്കൂർ പതിവുള്ളതാണിത്. മൊബൈലിൽ സമയം നോക്കുമ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു.
മൂത്രശങ്ക കലശമായുണ്ട് റൂമിലെ എസി യുടെ തണുപ്പിൽ ബ്ലാങ്കറ്റ് മാറ്റി പോകാൻ അതിനെക്കാളേറെ മടിയുമുണ്ട്. ബാച്ചിലേഴ്സ് റൂമിൽ അറ്റാച്ഡ് ബാത്റൂം വേണ്ട എന്ന തീരുമാനത്തിൽ റൂമിനു പുറത്താണ് വാഷ് റൂം പണിതത്.
റൂമിന്റെ അടുത്ത് തന്നെ ഖബർസ്ഥാൻ സ്ഥിതി ചെയ്യുന്നത് കൊണ്ട് നേരം കെട്ട സമയത്ത് റൂമിന് പുറത്ത് ഇറങ്ങാൻ ചെറിയൊരു പേടിയും ഉണ്ട്.
‘സെല്ലി മരിച്ചവരെ ഭയപ്പെടെണ്ടതില്ല ജീവിച്ചിരിക്കുന്നവരെയാണ് ഭയക്കേണ്ടത്”എന്ന് മുമ്പൊരിക്കൽ കിഴൂർ ചിന്നൻ വൈദ്യർ തമാശ രൂപേണ പറഞ്ഞതോർത് ധൈര്യം സംഭരിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി.
മൂത്രം ഒഴിച്ച് ഉള്ളിലേയ്ക്ക് കയറുമ്പോൾ തെല്ലൊരു ഭയത്തോടെ ഖബർസ്ഥാനിലേക്ക് ഒന്നു നോക്കി, ചിലപ്പോഴൊക്കെ മരിച്ച് പോയവർക്കായി ഒരു ഫാത്തിഹ ഓതിയിട്ടേ ഞാൻ മടങ്ങാറുള്ളൂ.
Advertisements
ഫാത്തിഹ ഓതി തീർന്നപ്പോൾ വീണ്ടും അങ്ങോട്ട് നോക്കി. ഒരുപാട് മിന്നാമിനുങ്ങുകൾ പാറി  നടക്കുന്നു. രാത്രി കാലങ്ങളിൽ ആ കാഴ്ച സുന്ദരമാണെങ്കിലും ഖബർസ്ഥാൻ ആയത് കൊണ്ട് ആസ്വദിക്കാൻ കഴിഞ്ഞില്ല. അതിനു ‘മുമ്പ് ഭയം നമ്മെ കീഴ്പ്പെടുത്തിക്കളയും!!!
എന്നിരുന്നാലും ഇന്ന് മിന്നാമിന്നി കൂട്ടങ്ങൾക്ക് ഒരു ആകർഷണമുണ്ട്. ഉറക്കം വേണ്ടെന്ന് വെച്ച് ഖബർസ്ഥാനിലേക്ക് നടന്നു. കനത്ത ഇരുട്ടിൽ പറന്നു നടക്കുന്ന മിന്നാമിന്നി കൂട്ടങ്ങളെ കണ്ടപ്പോൾ നക്ഷത്രങ്ങളെ പോലെ തോന്നി. ഭയം മാറി മാറി ഉള്ളിൽ സന്തോഷം വരുന്നത് ഞാൻ അറിഞ്ഞു. ആത്മാക്കൾ എനിക്കായി കാത്തിരിക്കും പോലെ തോന്നി. ഇപ്പോൾ ഞാൻ ഖബർസ്ഥാനി നടുത്താണ് .പെട്ടെന്ന് അവിടെ കുന്തിരിക്കത്തിന്റെയും ചന്ദനതിരിയുടെയും ഗന്ധം പരക്കാൻ തുടങ്ങി… പാതിരാത്രിയിൽ ഒരു നോട്ടം കൊണ്ട് പോലും ഭയം തോന്നിയ ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന് എന്റെ ഉപബോധ മനസ്സ് മന്ത്രിച്ചു. വെളള വസ്ത്രം ധരിച്ച ഒരാൾ ഖബർസ്ഥാനിലെ മതിലിലിരിക്കുന്നു.
സ്വതവേ സിനിമയിലും നാടകത്തിലും നമ്മൾ കണ്ട ശുഭ്ര വസ്ത്രധാരിയായ പ്രേതങ്ങളെ പോലെ ഇദ്ദേഹം പ്രേതമായിരിക്കുെമെന്ന് ഞാൻ ചിന്തിച്ചു. ഏയ് ഒമാനികൾ മിക്കവരും വെള്ള കന്തൂറ ഇടുന്നവരാണ് അതുകൊണ്ട് ഇത് പ്രേതമൊന്നും അല്ല മനുഷ്യനാണ്.
 എന്റെ ചിന്തകൾ കീറി മുറിച്ച് കൊണ്ട് അദ്ദേഹം സലാം ചൊല്ലി.” അസ്സലാമു അലൈക്കും ഇസ്മായിൽ ” എന്റെ പേരടക്കം സംബോധന ചെയ്തപ്പോൾ അത്ഭുതം കൊണ്ട് എന്റെ കണ്ണ് തള്ളി.
‘താങ്കൾ ആരാണ് എന്നെ എങ്ങനെ അറിയാം’ ഞാൻ ചോദിച്ചു..
‘നിങ്ങൾ ഇതിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ അല്ലെ എനിക്കറിയാം. ഞാൻ അബ്ദുള്ള റവാസ് ടാക്സി ഡ്രൈവർ ആണ് . കഴിഞ്ഞ മാസം ആക്സിഡന്റിൽ മരിച്ചതാണ്’
സാധാരണ ഭയം കൂടുതൽ ഉളള ആളെന്ന നിലയിൽ ഞാൻ ഞെട്ടേണ്ടതാണ്. പക്ഷെ ഞാൻ ഞെട്ടിയില്ല എന്നിൽ മരണപ്പെടാത്ത ഒരു ആത്മാവ് ഉണ്ടെന്ന തിരിച്ചറിവാകാം ഒരു പക്ഷെ എനിക്ക് അങ്ങിനെ ചിന്തിക്കാൻ തോന്നിയത്.
അദ്ദേഹം പറഞ്ഞ് തുടങ്ങി,
‘ഒരുപാട് ബാധ്യതകളും ആഗ്രഹങ്ങളും ബാക്കി വെച്ച് കൊണ്ടാണ് ഞാൻ മരിച്ചത്. രണ്ട് ഭാര്യമാരിൽ 8 മക്കൾ ഉണ്ടെനിക്ക്
എല്ലാവരും ചെറിയ കുട്ടി കൾ.
‘ഇസ്മായിൽ ഇരിക്കു,’
ചെറിയൊരു  ഭയം  എന്നിൽ ഉണ്ടെങ്കിലും
അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി
ഞാനും ആ മതിലിൽ ഇരുന്നു..
അദ്ദേഹം പറഞ്ഞു തുടങ്ങി. ഒരു സ്വപ്നത്തിലെന്നപോലെ ഞാനത് കേട്ടിരുന്നു. പതിയെ പതിയെ ഉറക്കം എന്റെ കണ്ണുകളെ കവർന്നെടുത്തു..
“ഡാ സെല്ലി എഴുനേൽക്ക്, നിനക്കെന്താടാ പറ്റിയത് നീയെന്തിനാ ഖബർസ്ഥാനിൽ വന്നു കിടക്കുന്നത്…? നിനക്ക്എന്തു പറ്റി  ബോധം ഉള്ള ആരെങ്കിലും പാതിരാക്ക് ഇവിടെ വന്നു കിടക്കുമോ….?”
റൂം മേറ്റ് റാസിക്കിന്റെ ശബ്ദമാണ് എന്നെ ഉറക്കിൽ നിന്നും ഉണർത്തിയത്….. ഞാൻ ചുറ്റിലും ഒന്ന് നോക്കി… ഞാൻ കിടക്കുന്നത് ഖബർസ്ഥാനിൽ ആണെന്ന തിരിച്ചറിവ് എന്നിൽ ഒരു വിറയൽ ഉണ്ടാക്കി.
ഇന്നലത്തെ ഓർമകൾ എന്നിലേക്ക്‌ കടന്നു വന്നു… അയാളുടെ മുഖവും ചിരിയും മനസ്സിലേക്ക് കടന്നു വന്നെങ്കിലും അയാൾ പറഞ്ഞത് എന്താണെന്നു എത്ര ഓർത്തിട്ടും മനസ്സിൽ വന്നില്ല.. ഇനി ഇതൊക്കെ എന്റെ തോന്നൽ മാത്രമാണോ.. അങ്ങനെ ഒരാൾ ഇന്നലെ ഇവിടെ വന്നിരുന്നോ.?
സെല്ലിയേ ബാക്കി സ്വപ്നമൊക്കെ പിന്നെ കാണാട്ടോ.. ഡ്യൂട്ടിക്ക് പോകാൻ സമയം ആയി. റാസിക്കി ന്റെ വാക്ക് കേട്ടു പതിയെ ഞാൻ ആ മണ്ണിൽ നിന്നും എണീറ്റു നടന്നു.
 പോകാൻ നേരം ഒരു തണുത്ത കാറ്റു എന്നെ പൊതിഞ്ഞു ആ കാറ്റിനു കുന്തിരിക്കത്തിന്റെ മണം ഉണ്ടായിരുന്നു..