KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ ആദ്യത്തെ ബുക്ക് എടിഎം തലസ്ഥാനത്ത്; മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു

എടിഎം കാർഡിട്ടാൽ പണം കിട്ടുന്നത് പോലെ വെൻഡിങ് മെഷീൻ വഴി ബുക്ക് കിട്ടുന്നൊരു സംവിധാനം ആലോചിച്ച് നോക്കൂ. പുസ്തക പ്രേമികളുടെ ഈ സ്വപ്നമാണ് ഇപ്പോൾ സംസ്ഥാനത്ത് യാഥാർഥ്യമായിരിക്കുന്നത്. കൈരളി തിയറ്ററിലാണ് സംസ്ഥാനത്തെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. ബുക്ക്‌ മാർക്ക്‌ കേരള ബാങ്കിന്റെ സഹകരണത്തോടെയാണ്‌ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എടിഎം പോലൊരു വെൻഡിങ്‌ മെഷീൻ സ്ഥാപിച്ചത്‌.

ഒരേസമയം 25 റേക്കുകളിലായി പുസ്‌തകങ്ങൾ ഉണ്ടാകും. വെൻഡിങ്‌ മെഷീന്‌ പുറത്തുള്ള ടാബിൽ ഏതൊക്കെ പുസ്‌തകങ്ങളാണ്‌ ഉള്ളതെന്ന്‌ കാണാം. ആവശ്യമുള്ളത്‌ ക്ലിക്ക്‌ ചെയ്താൻ ക്യുആർ കോഡ്‌ തെളിയും. മൊബൈൽ ഫോൺ ഉപയോഗിച്ച്‌ അത്‌ സ്‌കാൻ ചെയ്‌താൽ അടയ്ക്കേണ്ട തുക കാണാം. ഗൂഗിൾ പേ വഴി പണം അടയ്ക്കാം. പിന്നാലെ താഴെയുള്ള ബോക്‌സിലേക്ക് പുസ്‌തകം വീഴും.

 

ഇത്തരത്തിൽ ഡിസ്‌പ്ലേ ബോർഡിൽ പുസ്തകം തിരഞ്ഞെടുത്ത് സ്‌കാൻ ചെയ്‌ത് ഗൂഗിൾ പേ വഴി പണം അടച്ചാൽ പുസ്തകം കിട്ടുന്നവിധമാണ് മെഷീൻ പ്രവർത്തിക്കുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായത്തിന്‌ വിളിക്കാൻ നമ്പറും നൽകിയിട്ടുണ്ട്‌. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്‌തകങ്ങൾ മെഷീനിൽ ഉണ്ടാകും. പുസ്തകങ്ങൾ തീരുന്നത് അനുസരിച്ച് പുതിയ പുസ്തകങ്ങൾ നിറയ്ക്കും. പുതിയതും വ്യത്യസ്തവുമായ ഈ സംരംഭം വായനക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ ബുക്ക്‌മാർക്ക്‌. ബുക്ക്‌ വെൻഡിങ്‌ മെഷീൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു. കെഎഫ്‌ഡിസി എംഡി പി എസ്‌ പ്രിയദർശൻ, ബുക്ക്‌ മാർക്ക്‌ മെമ്പർ സെക്രട്ടറി എബ്രഹാം മാത്യു, എഴുത്തുകാരൻ വിനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

Advertisements
Share news