KOYILANDY DIARY.COM

The Perfect News Portal

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഐസി കമ്മിറ്റികളുള്ള സംസ്ഥാനമായി കേരളം മാറും

2025 മാര്‍ച്ച് എട്ടോടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോഷ് ആക്ട് പ്രകാരം ഐസി കമ്മിറ്റികളുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വീണ ജോർജ്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായിട്ടാണ് പോഷ് പോര്‍ട്ടല്‍ ആരംഭിച്ചത്. ആ ഘട്ടത്തില്‍ ആയിരത്തോളം സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്.

2024 ഓഗസ്റ്റില്‍ വകുപ്പ് ജില്ലാടിസ്ഥാനത്തില്‍ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 17,000 ആയി ഉയര്‍ന്നിരിക്കുന്നു എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും നിയമ പ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഐടി പാര്‍ക്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഐസി കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Share news