KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൻ്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൻ്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 21ാം തീയതി പുരസ്ക്കാരങ്ങൾ കൊല്ലത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മാനിക്കും. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022 ലെ ഐ.വി ദാസ് പുരസ്‌കാരം എം. മുകുന്ദനും 2023 ലേത് പ്രൊഫ. എം.ലീലാവതിയ്ക്കുമാണ്. 2022 ലെ കടമ്മനിട്ട പുരസ്കാരം സിൻ എന്ന നോവലിന് ഹരിതാ സാവിത്രിക്കാണ്.

സംസ്ഥാനത്തെ അമ്പത് വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ് പുരസ്‌കാരം കൊല്ലം ജില്ലയിലെ കാട്ടാമ്പള്ളി യുവജനസമാജം ഗ്രന്ഥശാലയ്ക്കും സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി.സി.പുരസ്‌കാരം കൊല്ലം ജില്ലയിലെ പാങ്ങോട് കുഴിക്കലിടവക പബ്ലിക് ലൈബ്രറിയ്ക്കും വൈക്കം കാട്ടികുന്ന് പബ്ലിക് ലൈബ്രറിയ്ക്കും സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്‌കാരം പൊൻകുന്നം സെയ്‌ദിനുമാണ്.

 

സമാധാനം പരമേശ്വരൻ പുരസ്‌കാരം കാസർഗോഡ് കൊടക്കാട് ബാലകൈരളി ഗ്രന്ഥാലയത്തിനും എറണാകുളം നോർത്ത് പറവൂരിലെ കെടാമംഗലം പപ്പുകുട്ടി മെമ്മോറിയൽ ലൈബ്രറിയ്ക്കും എൻ.ഇ. ബലറാം പുരസ്‌കാരം സുൽത്താൻ ബത്തേരി നവോദയ ഗ്രന്ഥശാലയ്ക്കും കരുനാഗപ്പള്ളി തുറയൻകുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയ്ക്കും സി.ജി. ശാന്തകുമാർ പുരസ്‌കാരം പയ്യന്നൂർ സർഗ്ഗചേതന പബ്ലിക് ലൈബ്രറിയ്ക്കും പി. രവീന്ദ്രൻ പുരസ്‌കാരം കരുനാഗപ്പള്ളി പാസ്‌ക് ഗ്രന്ഥശാലയ്ക്കും പാലക്കാട് പബ്ലിക് ലൈബ്രറിയ്ക്കുമാണ് നൽകുന്നത്.

Advertisements

 

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കും രചന, സംവിധാനം, നല്ല നടൻ, നല്ല നടി, ബാലനടൻ, ബാലനടി, ചമയം, ദീപം, പശ്ചാത്തലസംഗീതം എന്നിവയിൽ സമ്മാനങ്ങൾ നേടിയവർക്കുമുള്ള പുരസ്കാരങ്ങൾ തദവസരത്തിൽ നൽകുന്നതാണ്.

 

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ മുഖമാസികയായ ഗ്രന്ഥാലോകത്തിന് ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർത്ത ജില്ലയ്ക്കും ഗ്രന്ഥശാലയ്ക്കുമുള്ള പുരസ്കാരം ഇതോടൊപ്പം നൽകുന്നതാണ്. പുരസ്‌കാര നിർണ്ണയ സമിതി കൺവീനർ ഡോ. പി.കെ. ഗോപൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗ എസ്. നാസർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.ബി. മുരളീകൃഷ്‌ണന സെക്രട്ടറി ഡി. സുകേശൻ എന്നിവർ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Share news