KOYILANDY DIARY

The Perfect News Portal

വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം

വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. 23 വന്ദേ ഭാരത് ട്രെയിനുകളിൽ വെച്ച് രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതിയാണ് കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കിയിട്ടുള്ളത്. വന്ദേഭാരത് എക്‌സ്പ്രസുകളുടെ സൂപ്പര്‍ സ്റ്റാറായി കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ മാറുകയാണ്. ഇവയില്‍ കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനമാണ്.

തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്. ദില്ലി വാരണാസി പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. 2019 ഫെബ്രുവരി 15നായിരുന്നു ഇത്. ഇതിനോടകം 46 വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസുകളാണ് രാജ്യത്തുള്ളത്. പരമാവധി വേഗമായി വന്ദേഭാരതിന് നിശ്ചയിച്ചിട്ടുള്ളത് മണിക്കൂറില്‍ 160 കിലോമീറ്ററാണ്. തൊട്ട് പിന്നാലെ ഒക്യുപെന്‍സിയിലുള്ള സര്‍വ്വീസുകളുമായി 50 ശതമാനത്തിലേറെ അന്തരമാണ് കേരളത്തിലെ വന്ദേഭാരതിനുള്ളതെന്നത് വ്യക്തമാക്കുന്നത് ലക്ഷ്യ സ്ഥലങ്ങളിലെത്താന്‍ ജനത്തിന് ധൃതിയുണ്ടെന്നാണ്.

ഏപ്രില്‍ 1, 2022 മുതല്‍ ജൂണ്‍ 21, 2023 വരെ 2140 ട്രിപ്പുകളാണ് വന്ദേഭാരത് നടത്തിയത്. 2520370 യാത്രക്കാരാണ് വന്ദേഭാരതില്‍ സഞ്ചരിച്ചതെന്നാണ് ലഭ്യമായ കണക്കുകള്‍ വിശദമാക്കുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കും പ്രതീക്ഷകള്‍ക്കും ആവേശത്തിനും നടുവിലൂടെയാണ് കേരളത്തിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് എത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്‌സ്പ്രസാണ്.

Advertisements