KOYILANDY DIARY.COM

The Perfect News Portal

ഷാറൂഖ് സെയ്‌ഫിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കേരള പൊലീസ്

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പിടിയിലായ ഷാറൂഖ് സെയ്‌ഫിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കേരള പൊലീസ്. കുറ്റകൃത്യത്തിലേക്ക് ഇയാൾ നീങ്ങിയതിൽ സാമ്പത്തികമായ താല്പര്യങ്ങൾ ഉണ്ടോ എന്ന സംശയമാണ് പ്രതിയുടെയും കുടുംബത്തിന്റെയും ഇടപാടുകൾ പരിശോധിക്കാനുള്ള നീക്കത്തിലേക്ക് കേരള പൊലീസ് കടന്നത്. ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഗം കേരള ഹൗസിൽ ക്യാമ്പ് ചെയ്തുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

ഷാറൂഖ് സെയ്ഫിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ഇന്നലെ വരെ നടത്തിയിരുന്നു. ഹവാല ഇടപാടുകളുടെ ചില ബന്ധങ്ങൾ ഷാരൂക്ക് സെയ്‌ഫിക്ക് ഉണ്ടായിരുന്നു എന്ന വിവരം കേരള പൊലീസിന് ലഭിച്ചു. ഡൽഹിയുടെ വിവിധ മേഖലകളിൽ ബിസിനസുകൾ നടത്തിയ ഇദ്ദേഹം കേരളത്തിൽ എത്താനുള്ള സാഹചര്യവും ഡൽഹിയിലെ സുഹൃത്തുക്കളുടെ നീക്കങ്ങളും കേരള പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് കേരള പൊലീസ് പരിശോധന വേഗത്തിലാക്കിയത്.

 

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി. ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഷഹീൻ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ അടക്കം ഇയാൾ പങ്കാളിയായിരുന്നോ എന്ന കാര്യത്തിലും വിവരങ്ങൾ തേടിയിട്ടുണ്ട്. കൂടാതെ ഇയാൾക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്നതിലാണ് ഇപ്പോൾ കാര്യമായ അന്വേഷണം നടക്കുന്നത്. ദില്ലിയിലെ അന്വേഷണ സംഘത്തിലേക്ക് കൂടൂതൽ പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisements
Share news