KOYILANDY DIARY.COM

The Perfect News Portal

കേരളം കരുത്തോടെ മുന്നോട്ട്; ഉയർന്ന GSDPയുള്ള ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നായി കേരളം

.

2025ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും അവഗണനകളും നിലനിൽക്കുമ്പോഴും കേരളം വലിയ സാമ്പത്തിക കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും വളർച്ചയും അടിവരയിടുന്നതാണ് സാമ്പത്തിക അവലോകന റിപ്പോർട്ട്.

 

ഉയർന്ന ജി.എസ്.ഡി.പി. (GSDP) ഉള്ള ഇന്ത്യയിലെ ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം 6.19 ശതമാനം വളർച്ച കൈവരിച്ചു. മലയാളികളുടെ പ്രതിശീർഷ വരുമാനത്തിലും ഗണ്യമായ വർധനവുണ്ടായി. 2024-ൽ 1,74,953 രൂപയായിരുന്നു പ്രതിശീർഷ വരുമാനം. ഇത് 2025-ൽ എത്തുമ്പോൾ 1,90,149 രൂപയായി ഉയർന്നു. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ് എന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്റെ പ്രധാന സൂചകമായി കണക്കാക്കപ്പെടുന്നുവെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

Advertisements

 

 

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 2.7 ശതമാനവും നികുതി വരുമാനത്തിൽ 3.11 ശതമാനവും വർധനവ് രേഖപ്പെടുത്തി. കൃത്യമായ ആസൂത്രണത്തിലൂടെയും പ്രവർത്തനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ ധനക്കമ്മി 3.22 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായും, റവന്യൂ കമ്മി 1.69 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായും ഉയർന്നിട്ടുണ്ട്.

 

അതേസമയം, മൂലധന ചെലവ് (Capital Expenditure) 0.48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായി. സംസ്ഥാനത്തെ നിർമ്മാണ-വികസന പ്രവർത്തനങ്ങളിലുള്ള സർക്കാരിന്റെ ശക്തമായ ഇടപെടലിനെയാണ് ഈ വളർച്ച കാണിക്കുന്നത്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും എടുത്തു പറയുന്നതാണ് റിപ്പോർട്ട്. കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും കേരളം വികസനത്തിന്റെ പാതയിൽ തന്നെയാണെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 2023-24 കാലയളവിലെ 1,02,486 കോടി രൂപയിൽ നിന്നും 2025-ഓടെ 10,24,861 കോടി രൂപയായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവിധ സാമ്പത്തിക സൂചകങ്ങളിലെ ഈ കുതിച്ചുചാട്ടം കേരളത്തിന് വരും വർഷങ്ങളിൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.

Share news