KOYILANDY DIARY.COM

The Perfect News Portal

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കേരളത്തിന്റെ എതിരാളികള്‍. 72 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തുന്നത്.

ഒന്നാം ഇന്നിങ്സിൽ രണ്ട് റൺസ് ലീ‍ഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. സ്പിന്നർമാരായ ആദിത്യ സർവാതേയും ജലജ് സക്സേനയുമാണ് ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്. കാസർകോട്ടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയും (177നോട്ടൗട്ട്‌ ) ക്യാപ്റ്റൻ സച്ചിൻ ബേബി, സൽമാൻ നിസാർ എന്നിവരുടെ അർധ സെഞ്ചുറിയുമാണ് കേരളത്തിന് കരുത്തായത്.

 

സ്‌കോറിങ്‌ വേഗംകൂട്ടി കേരളത്തിന്റെ ഒപ്പമെത്താൻ പരമാവധി ശ്രമിച്ച ഗുജറാത്തിനെ, ഒടുക്കം രണ്ട് റൺസ് അകലത്തിൽ കേരളം എറിഞ്ഞിട്ടു. അഞ്ചാംദിനം മൂന്ന് വിക്കറ്റ് കൈയിലിരിക്കേ 29 റൺസ് മതിയായിരുന്നു ഗുജറാത്തിന് ലീഡ് നേടാൻ. തലേന്നാൾ ക്രീസിൽ നിലയുറപ്പിച്ച ജയ്മീത് പട്ടേലിനെയും സിദ്ദാർഥ് ദേശായിയെയും പുറത്താക്കി സാർവതെയാണ് അപകടമൊഴിവാക്കിയത്. രണ്ടാം ഇന്നിങ്സിൽ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. തുടർന്ന് മത്സരം അവസാനിപ്പിക്കാൻ ഇരുടീമുകളും തീരുമാനിക്കുകയായിരുന്നു.

Advertisements
Share news