കേരള–- ഗൾഫ് യാത്രാക്കപ്പൽ; മൂന്ന് കമ്പനികൾ താൽപ്പര്യപത്രം സമർപ്പിച്ചു
 
        കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യമൊരുക്കാൻ കേരള മാരിടൈം ബോർഡ് പ്രഖ്യാപിച്ച കേരള–- ഗൾഫ് യാത്രാക്കപ്പൽ പദ്ധതിയിൽ മൂന്ന് കമ്പനികൾ താൽപ്പര്യപത്രം സമർപ്പിച്ചു. മുംബൈ ആസ്ഥാനമായ ഫുൾ എഹെഡ് മറൈൻ ആൻഡ് ഓഫ്ഷോർ, ചെന്നൈയിൽനിന്നുള്ള വൈറ്റ് സീ ഷിപ്പിങ് ലൈൻ, കോഴിക്കോടുനിന്നുള്ള ജെബൽ വെഞ്ചേഴ്സ് എന്നീ കമ്പനികളാണ് താൽപ്പര്യപത്രം സമർപ്പിച്ചത്.

ഇതിലൊന്ന് 800 പേർക്ക് സഞ്ചരിക്കാവുന്ന യാത്രാക്കപ്പലുള്ളവരാണ്. മറ്റൊന്ന് 2000 പേർക്ക് സഞ്ചരിക്കാവുന്ന ആഡംബര കപ്പൽ കമ്പനിയും മൂന്നാമത്തേത് ബോർഡിന്റെയും സർക്കാരിന്റെയും താൽപ്പര്യമനുസരിച്ച് കപ്പൽ വാടകയ്ക്കെടുത്ത് സർവീസ് നടത്താൻ തയ്യാറുള്ളവരുമാണെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു.

സാധാരണക്കാരായ പ്രവാസികൾക്ക് വിമാനയാത്രാക്കൂലിയേക്കാൾ കുറഞ്ഞനിരക്കിൽ ഗൾഫിൽനിന്ന് മൂന്നുമുതൽ നാലുദിവസംകൊണ്ട് – വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ എത്തുംവിധം സർവീസ് ക്രമീകരിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.



 
                        

 
                 
                