KOYILANDY DIARY

The Perfect News Portal

റിപ്പബ്ലിക് ദിന പരേഡില്‍ ഹൃദയം കവര്‍ന്ന് കേരള ഫ്‌ളോട്ട്

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഹൃദയം കവര്‍ന്ന് കേരളവും കേരളത്തിൻ്റെ സ്ത്രീശക്തിയും. സ്ത്രീശാക്തീകരണത്തിൻ്റെ ഫോക് പാരമ്പര്യം പ്രമേയമാക്കി അവതരിപ്പിച്ച ഫ്‌ളോട്ടിൽ  വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 സ്ത്രീകൾ അണിനിരന്നു. രാഷ്ട്രപതി ദൗപതി മൂർമുവും മറ്റു വിശിഷ്ഠ വ്യക്തികളും നിറഞ്ഞ കയ്യടികളോടെ പരിപാടി ആസ്വദിച്ചു.

96-ാം വയസ്സില്‍ സംസ്ഥാന സാക്ഷരതാ മിഷൻ്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനിയമ്മയുടെ പ്രതിമയും, ദേശീയ പതാകയും കയ്യിലേന്തി നില്‍ക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂര്‍ ഉരുവിൻ്റെ മാതൃകയിലെത്തിയ ടാബ്ലോയില്‍ നിറഞ്ഞു നിന്നു.

പെണ്‍കരുത്തും താളവും ചന്തവും നിറഞ്ഞു നിന്ന വനിതകളുടെ ശിങ്കാരിമേളവും, ഗോത്രനൃത്തവും, കളരിപ്പയറ്റും വേറിട്ട അനുഭവമായി. കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്.

Advertisements

കളരിപ്പയറ്റുമായി കളം നിറഞ്ഞത് തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളുമാണ്. ഇരുളാ വിഭാഗത്തില്‍ നിന്നുള്ള എട്ട് സ്ത്രീകള്‍ ഗോത്ര പാരമ്പര്യം ഉയര്‍ത്തി ചൂവട് വച്ച് രാജ്യത്തിൻ്റെ ശ്രദ്ധ നേടി. ആദ്യമായാണ് ഗോത്ര നൃത്തം കേരള ടാബ്ലോയുടെ ഭാഗമാകുന്നത്.  പോരാട്ടത്തിൻ്റെയും കൃഷിയുടെയും കലയുടെയും വിദ്യാഭ്യാസത്തിൻ്റെയും പാതയിലൂടെ സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പിലാക്കാന്‍ സാധിക്കുമെന്ന വലിയ സന്ദേശമാണ് കേരളം രാജ്യത്തിന് നല്‍കിയത്.

സ്ത്രീകൾ മാത്രമുള്ള ടാബ്ലോയുടെ ആശയം തയ്യാറാക്കിയതും പ്രതിരോധമന്ത്രാലയത്തിൽ അവതരിപ്പിച്ചതും നോഡൽ ഓഫീസർ സിനി. കെ. തോമസാണ്. ഡിസൈനർ റോയ് ജോസഫിൻ്റെ നേതൃത്വത്തിൽ ബിഭൂതി ഇവൻ്റ്സ് ആൻഡ്‌ അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ്‌ ഫ്ലോട്ടൊരുക്കിയത്. സൗണ്ട് എ‍ൻജിനിയർ പാലക്കാട് സ്വദേശി ജിതിനും, കർത്തവ്യപഥിന് യോജിച്ച വിധം ശിങ്കാരിമേളം ചിട്ടപ്പെടുത്തിയത് കണ്ണൂർ സ്വദേശി കലാമണ്ഡലം അഭിഷേകുമാണ്.