കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ സമാപിച്ചു
.
കോഴിക്കോട്: ഉള്ളറിഞ്ഞും ഉൾച്ചേര്‍ന്നും കടപ്പുറത്തെ ആവേശത്തിലാഴ്ത്തിയ കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ സമാപിച്ചു. പ്രത്യേക പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് സമൂഹത്തിൽ തുല്യമായ ഇടവും പ്രാപ്യതയും ഉറപ്പാക്കാനുള്ള ചുവടുവെയ്പായി ഫെസ്റ്റിവൽ മാറി. കോഴിക്കോട് ബീച്ചിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷൻ സ്ഥിരം സമിതി ചെയർപേഴ്‌സൺ കവിത അരുൺ അധ്യക്ഷയായി.

ഡിസബിലിറ്റി മേഖലയെക്കുറിച്ചുള്ള റിപ്പോർട്ട് ഡോ. ഇജാസ് പിള്ള അവതരിപ്പിച്ചു. ഡിസബിലിറ്റി അവകാശ പ്രവർത്തകരായ ശബരി, റൗസ് ഹിദായ, ബവീഷ് ബാൽ, മായ അരുൺ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. രക്ഷാധികാര സ്വഭാവമുള്ള “ഭിന്നശേഷിക്കാർ’, “ദിവ്യാംഗജർ”, “വൈകല്യം’ തുടങ്ങിയ പദങ്ങൾ ഒഴിവാക്കി, പകരം “ഡിസബിലിറ്റി’ എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കാൻ കെഡിഎഫ് സർക്കാരിനോട് ആവശ്യപ്പെട്ടു. മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ് മുഖ്യാതിഥിയായി.

കൗൺസിലർ ഫാത്തിമ തഹ്‌ലിയ, ഇന്റർനാഷണൽ പാരാലിമ്പിക്സ് ചാമ്പ്യൻ ആസിം വെള്ളിമണ്ണ എന്നിവര്‍ സംസാരിച്ചു. ഡോ. എ കെ. അബ്ദുൽ ഹക്കീം സ്വാഗതവും റോഷൻ ബിജിലി നന്ദിയും പറഞ്ഞു. കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് 2027 ജനുവരി 27 മുതൽ 30വരെ നടക്കുമെന്ന് ജനറൽ കൺവീനർ ഡോ. ഇദ്രീസ് അറിയിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസബിലിറ്റി പ്രതിനിധാനം സിനിമയിൽ, ജനാധിപത്യവും രാഷ്ട്രീയ പങ്കാളിത്തവും, കമ്യൂണിറ്റി അധിഷ്ഠിത പുനരധിവാസം, ഇൻവിസിബിൾ ഡിസബിലിറ്റി നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ ചര്‍ച്ച നടന്നു.




