കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി
കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ. ഒറ്റ ഘട്ടമായാകും തിരഞ്ഞെടുപ്പ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഉള്ളത്. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക മുന്നൊരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി ആദ്യവാരമാകും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക.
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാമൂഴം ഉറപ്പാക്കാന്‍ സിപിഐഎം തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. എംഎല്‍എമാര്‍ക്കും, മന്ത്രിമാര്‍ക്കും നിശ്ചയിച്ച ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാനാണ് നീക്കം. കെ കെ ശൈലജയും, വീണാ ജോര്‍ജും, ടി പി രാമകൃഷ്ണനും വീണ്ടും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് തന്നെ ജനവിധി തേടും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അടുത്തയാഴ്ച തിരുവനന്തപുരത്ത് ചേരും.

ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഐഎം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് വിജയം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടേം വ്യവസ്ഥ ഒഴിവാക്കി പ്രധാനപ്പെട്ട നേതാക്കള്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം ഒരുക്കുന്നത്. വിവിധ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്നതിന് ശേഷം ബ്രാഞ്ച് സെക്രട്ടറി തലത്തിലേക്കുള്ള റിപ്പോര്‍ട്ടിങ്ങിലേക്ക് സിപിഐഎം കടക്കുകയാണ്. ഇതിന് ശേഷമാകും സംസ്ഥാന കമ്മിറ്റിയിലേക്ക് ടേം വ്യവസ്ഥ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുക.




