കേരളീയ കലകൾ ഇനി വിരൽത്തുമ്പിൽ; ഡിജിറ്റൽ സർവകലാശാലയും സാംസ്‌കാരിക വകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
.
തിരുവനന്തപുരം: കേരളത്തിന്റെ തനത് കലകളെയും സാംസ്‌കാരിക പൈതൃകത്തെയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകശ്രദ്ധയിൽ എത്തിക്കാൻ ലക്ഷ്യമിട്ട് ഡിജിറ്റൽ സർവകലാശാല കേരളയും സംസ്ഥാന സാംസ്‌കാരിക വകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

സാംസ്‌കാരിക വകുപ്പിന് കീഴിൽ അത്യാധുനിക ഇന്ററാക്ടിവ് പോർട്ടലുകൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ സജി ഗോപിനാഥ് എന്നിവരുടെ സാന്നിധ്യത്തിൽ കൾച്ചർ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യരും ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ പ്രൊഫ എ മുജീബുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

കലാരൂപങ്ങൾ, വേഷങ്ങൾ, വാദ്യങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിഷ്വൽ ഗ്രാഫിക്സ് ടൂളുകളുടെ സഹായത്തോടെ ആകർഷകമായ ഡിജിറ്റൽ ദൃശ്യങ്ങളാക്കി മാറ്റും. ഡിജിറ്റൽ സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഇൻ കൾച്ചർ ആണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.

പൊതുജനങ്ങളുടെ കൈവശമുള്ള അപൂർവ്വ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാൻ ‘പബ്ലിക് കോൺട്രിബ്യൂഷൻ പോർട്ടൽ’ സജ്ജമാക്കും. വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇവ പോർട്ടലിൽ ഉൾപ്പെടുത്തുക. കേരളീയ കലകളുടെ ഡിജിറ്റൽ വ്യാപനത്തോടൊപ്പം കലാകാരന്മാരുടെ ജീവിത ഉന്നതിയും ഗവേഷണ സൗകര്യങ്ങളും പദ്ധതി ലക്ഷ്യമിടുന്നു.
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികൾ, വിവിധ സാംസ്‌കാരിക സംഘടനകൾ, കലാപ്രതിഭകൾ എന്നിവർ വിവരശേഖരണത്തിൽ സഹകരിക്കും. ചടങ്ങിൽ സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഇൻ കൾച്ചർ ഹെഡ് ഡോ. മാളു ജി, പ്രൊഫ എലിസബത്ത് ഷേർലി, മനു സി പുളിക്കൻ, ജോയിന്റ് സെക്രട്ടറി രജനി എം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുഷമ ഭായ് എസ് തുടങ്ങിയവർ പങ്കെടുത്തു. ലോക വിജ്ഞാന ഭൂപടത്തിൽ കേരളീയ കലകളെ അടയാളപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ സഹകരണം വിലയിരുത്തപ്പെടുന്നത്.



