ശക്തമായ മഴയിൽ കാപ്പാട് തീരദേശ റോഡ് തകർന്നു

കൊയിലാണ്ടി: ശക്തമായ മഴയിൽ കാപ്പാട് തീരദേശ റോഡ് തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കാപ്പാട് തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായതോടെ കൊയിലാണ്ടി ഹാർബർ വഴി കാട്ടിലപീടിക വരെ എത്താനുള്ള റോഡ് പുർണ്ണമായും തകർന്നു. കഴിഞ്ഞ വർഷം റോഡ് തകർന്നതിനെ തുടർന്ന് 25 ലക്ഷത്തോളം രൂപ മുടക്കി അറ്റ കുറ്റപണികൾ നടത്തിയതായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ശക്തമായ തിരമാലയിൽ റോഡ് പൂർണ്ണമായി തകരുകയായിരുന്നു. 2 വർഷത്തോളമായി ഇവിടെ റോഡ് തകർന്നു കിടക്കുകയാണ്.

പൊതുമരാമത്ത് മന്ത്രിയും, എം.എൽഎയും മാസങ്ങൾക്കു മുമ്പ് സ്ഥലം സന്ദർശിച്ച് ഏറ്റവും പുതിയ വിദേശ ടെക്നോളജി ഉപയോഗപ്പെടുത്തി റോഡ് നവീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായി തീരദേശ വാസികൾ പറയുന്നു. ടൂറിസം പദ്ധതികൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായും, ദേശീയപാതയിൽ ഗതാഗത കുരുക്ക് ഉണ്ടാവുമ്പോൾ ദീർഘദൂര യാത്രവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോയിരുന്ന റോഡാണ് നിർമ്മാണത്തിലെ ആസൂത്രണമില്ലായ്മ കാരണം പൂർണ്ണമായി തകർന്നത്. സമീപ കാലത്ത്, മുൻകാലത്ത് ഇല്ലാത്ത വിധം തിരകൾ ഈ തീരത്ത് എത്തുന്നതിനെ കുറിച്ച് പഠനം നടക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
