KOYILANDY DIARY

The Perfect News Portal

“കളിആട്ടം” ആനന്ദം തളിർക്കുന്ന മാനവോത്സവം

കൊയിലാണ്ടി: പൂക്കാട് കലാലയം ഒരുക്കുന്ന “കളിആട്ടം” ആനന്ദം തളിർക്കുന്ന മാനവോത്സവം. മറ്റുള്ളവർക്ക് വേണ്ടി തോൽക്കാൻ മനസ്സുള്ളവരെ സൃഷ്ടിക്കുകയും കുട്ടികളിൽ ആനന്ദം കരുപിടിപ്പിക്കുകയും ചെയ്യുന്ന മാനവോത്സവമാണ് പൂക്കാട് കലാലയം ഒരുക്കുന്ന കളിആട്ടം എന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആധുനീകരണത്തിനും ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്കുമിടയിൽ നമ്മുടെ നാടോടി സംസ്കൃതി നഷ്ടപ്പെടാതെ ചേർത്തുപിടിക്കാൻ കളി ആട്ടം പരിശീലന കളരികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് നാൾ നീളുന്ന കളിആട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാരംഗം ജില്ലാ കോ- ഓഡിനേറ്ററും കളിആട്ടം സ്വാഗത സംഘം ചെയർമാനുമായ ബിജു കാവിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂർ മുഖ്യഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, കൊയിലാണ്ടി എ. ഇ. ഒ. ഗിരീഷ് കുമാർ ആശംസ അർപ്പിച്ചു. പിണണി ഗായകനും സുവർണ ജൂബിലി ചെയർമാനുമായ വി.ടി. മുരളി സ്നേഹോപഹാരം നൽകി. ക്യാമ്പ് ഡയറക്ടർ മാനോജ് നാരായണൻ കളിആട്ടം സന്ദേശം നൽകി. ക്യാമ്പ് കോ ഓഡിനേറ്റർ എ.അബൂബക്കർ കളി ആട്ടം നടപടികൾ വിശദീകരിച്ചു.
Advertisements
 500 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കാളികളായുണ്ട്. പ്രമുഖരുമായുള്ള സംവാദവും സല്ലാപവും ഇതിൻ്റെ ഭാഗമായി നടക്കും. ദിവസവും തിയറ്റർ പരിശീലനവും കുട്ടികൾ നയിക്കുന്ന നാടക സംഘങ്ങളുടെ നാടകാവതരണവും നടക്കും. കുട്ടികളുടെ നാടകോത്സവം ചലിച്ചിത്ര നാടക നടൻ ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഒന്നാം ദിവസം സംസ്ഥാന ഹയർ സെക്കണ്ടറി കലോത്സവത്തിലെ മികച്ച നാടകം ‘കുമരു’ ജി.എച്ച് എസ് എസ് കോക്കല്ലൂരും ദേശീയ ശാസ്ത്ര നാടകോത്സവത്തിൽ അവതരിപ്പിച്ച ശാസ്ത്രനാടകം’ ന്നാ പറക്കാം’ എൽ.എസ് എൻ ഗേൾസ് എച്ച് എസ് എസ്. ഒറ്റപ്പാലവും അവതരിപ്പിച്ചു. ശിവദാസ് കാരോളി സ്വാഗതവും സുനിൽ തിരുവങ്ങൂർ നന്ദിയും പ്രകാശിപ്പിച്ചു.