പൂക്കാട് കലാലയത്തിൽ ‘കളിആട്ടം’ ഏപ്രിൽ 17 ന് ആരംഭിക്കും
.
കൊയിലാണ്ടി: അവധിക്കാല മഹോത്സവങ്ങളിൽ ഒന്നായ കളിആട്ടത്തിന് ഏപ്രിൽ 17 ന് പൂക്കാട് കലാലയത്തിൽ തുടക്കമാവും. 17 ന് രാവിലെ 10 മണിക്ക് പ്രശസ്ത സിനിമാ-നാടക അഭിനേത്രി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. പൂക്കാട് കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി അനുഗ്രഹഭാഷണം നടത്തും. കലാലയം പ്രസിഡണ്ട് അഡ്വ. കെ ടി ശ്രീനിവാസൻ അതിഥികൾക്കുള്ള ഉപഹാരം നൽകും. സ്വാഗതസംഘം ചെയർമാൻ കെ.ടി. ശേഖർ അധ്യക്ഷത വഹിക്കും. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, കലാലയം ജനറൽ സെക്രട്ടറി ശിവദാസ് കാരോളി, ജോ. ജനറൽ കൺവീനർ ബാലു പൂക്കാട് എന്നിവർ സംസാരിക്കും.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ കളിആട്ടത്തിൽ പങ്കെടുക്കും. സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക സംവിധായകനുള്ള അവാർഡ് നിരവധി തവണ കരസ്ഥമാക്കിയ മനോജ് നാരായണനാണ് ക്യാമ്പ് ഡയറക്ടർ. സ്കൂൾ കലോത്സവങ്ങളിൽ നിരവധി സ്കൂളുകൾക്കുവേണ്ടി കുട്ടികളുടെ നാടകങ്ങൾ അരങ്ങിലെത്തിച്ചിട്ടുണ്ട് ഇദ്ദേഹം. പ്രശസ്ത നാടക പ്രവർത്തകൻ എ. അബൂബക്കർ ക്യാമ്പ് കോ-ഓർഡിനേറ്ററായിരിക്കും.
ഏപ്രിൽ 17 മുതൽ 21 വരെ കളിആട്ടം ഏപ്രിൽ 21 മുതൽ 23 വരെ കുട്ടികളിആട്ടം എന്നിങ്ങനെയാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്.

പ്രശസ്ത നാടകകാരൻ കെ. വി. വിജേഷിൻ്റെ നാമധേയത്തിലുള്ള നഗരിയിലാണ് കളി ആട്ടം അരങ്ങേറുന്നത്. കുട്ടികളിലെ സർഗ്ഗശേഷിയും ചിന്തയും വികസിപ്പിക്കും വിധം ചിട്ടപ്പെടുത്തിയ ക്യാമ്പിൽ വിവിധ നാടക സംഘങ്ങൾ ഒരുക്കുന്ന കുട്ടികളുടെ നാടകങ്ങളും വൈകീട്ട് അരങ്ങേറും. ഏപ്രിൽ 17 ന് അത്തോളി ജി എം യു.പി സ്കൂളിൻ്റെ ഞ്ച, 18 ന് പേരാമ്പ്ര ജി യു പി. സ്കൂളിൻ്റെ പച്ചപ്പട്ടാളം, കോക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൻ്റെ കുരിശ്, 19 ന് പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിൻ്റെ ടോട്ടോച്ചാൻ, 21 ന് ക്യാമ്പിലെ കുട്ടികൾ തയ്യാറാക്കിയ 12 നാടകങ്ങൾ എന്നിവ അവതരിപ്പിക്കും.

ഏപ്രിൽ 20 ന് 3 മണിക്ക് ക്യാമ്പംഗങ്ങൾ യുദ്ധത്തിനെതിരെ നാടക പ്രതിരോധം എന്ന സന്ദേശവുമായി കോഴിക്കോട് മാനാഞ്ചിറയിലേക്ക് മാനവമൈത്രീ നാടകയാത്ര നടത്തും. മാനാഞ്ചിറ മൈതാനിയിലെ ആംഫി തിയേറ്ററിൽ നടക്കുന്ന സാംസ്കാരിക സദസ്സ് പ്രശസ്ത നാടകകാരൻ ജയപ്രകാശ് കുളൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വടകര ക്യൂട്ട് തിയേറ്റർ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ എന്ന നാടകവും പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്റർ ‘സ്നേഹപ്പറവകൾ, ഈ അശാന്തിയുടെ കാലത്ത്’ എന്നീ നാടകങ്ങളും അവതരിപ്പിക്കും. അമ്മയൂട്ട്, വീടകയാത്ര എന്നീ പരിപാടികളും ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ഏപ്രിൽ 21 ന് രാവിലെ 9 മണിക്ക് പ്രശസ്ത അഭിനേത്രി കബനി കുട്ടികളിആട്ടം ഉദ്ഘാടനം ചെയ്യും. യു കെ രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.
ഡോ. അഭീഷ് ശശിധരൻ (നാഷണൽ സ്കൂൾ ഓഫ് ഡ്രാമ), സി. കൃഷ്ണകുമാർ (ആകാശവാണി), നിധി (നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ചിൽഡ്രൻസ് തിയേറ്റർ), ലീന ഒളപ്പമണ്ണ (സ്റ്റോറി തിയേറ്റർ), കബനി, ജാസിർ, റജിനാസ്, വിഷ്ണു, അശ്വിൻ ശരത് കെ പാച്ചു, മനു പ്രീത്, അഭിനവ്, സായൂജ്, ഗംഗ, ശ്രീലക്ഷ്മി മേലേടത്ത്, ശ്വേത എന്നിവർ വിവിധ ദിവസങ്ങളിൽ കുട്ടികളുമായി സല്ലപിക്കും. കെ ടി ശ്രീനിവാസൻ, കെ ടി ശേഖർ, ശിവദാസ് കാരോളി, കെ. ശ്രീനിവാസൻ, കെ. രാധകൃഷ്ണൻ, എ കെ രമേശ്, ഉണ്ണി കുന്നോൽ എന്നിവർ പങ്കെടുത്തു.



