KOYILANDY DIARY.COM

The Perfect News Portal

തൊഴിൽമേഖല നാശത്തിന്റെ വക്കിൽ; എളമരം കരീം

പറവൂർ: രാജ്യത്ത് തൊഴിൽമേഖല നാശത്തിന്റെ വക്കിലാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. പറവൂരിൽ കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ അടച്ചുപൂട്ടുകയാണ്‌.

തൊഴിൽനിയമം ഭേദഗതി ചെയ്തും മിനിമം വേതനം നിശ്ചയിക്കാനുള്ള തത്വങ്ങൾ ദുർബലമാക്കിയും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു. മാനേജ്മെന്റുകൾക്ക് ജോലിസമയം നിശ്ചയിക്കാൻ അധികാരം നൽകിയതിലൂടെ, പൊരുതിനേടിയ നേട്ടങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്നു. പൊതുമേഖലയിൽ സംവരണതത്വങ്ങൾ അട്ടിമറിച്ചു. വൈദ്യുതമേഖലയിൽ പ്രസരണം നടത്തിയിരുന്ന പവർ ഗ്രിഡ് കോർപറേഷനെ ഒഴിവാക്കി അദാനിക്ക് അവസരം നൽകി.

 

വിതരണവും കുത്തകകൾക്ക് കൈമാറാനാണ് നീക്കം. സ്മാർട്ട് മീറ്റർ എന്ന ആശയം അതിനുള്ള കുറുക്കുവഴിയാണ്. ഭക്ഷ്യശേഖരണം, -വിതരണം, ധാന്യശേഖരണം എന്നിവയും കുത്തകകൾക്ക് കൈമാറാനാണ് ശ്രമിക്കുന്നത്‌. ഇതിനെതിരെ രാജ്യത്തെ ഏക ബദലായ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാനാണ് ഇവരുടെ നീക്കം. ഇതിന് കോൺഗ്രസും കൂട്ടുനിൽക്കുന്നു.

Advertisements

 

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ. ചെത്തുതൊഴിലാളി ഫെഡറേഷന്റെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് പുതിയ മദ്യനയത്തിനും ടോഡി ബോർഡിനും രൂപം നൽകിയത്. സർക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തൊഴിലാളിസമൂഹത്തിനുണ്ടെന്നും എളമരം കരീം പറഞ്ഞു.

Share news