KOYILANDY DIARY.COM

The Perfect News Portal

ജനശക്തി ലൈബ്രറി ഉമേഷ് കൊല്ലത്തിനെ ആദരിക്കുന്നു

കൊയിലാണ്ടി: ജനശക്തി ലൈബ്രറി ഉമേഷ് കൊല്ലത്തിനെ ആദരിക്കുന്നു. നാടകരചയിതാവും, നടനും സംവിധായകനുമായും ഷോർട്ട് ഫിലിമും, ഡോക്യുമെൻ്റിയും ചിത്രരചനയുമായി ഉമേഷ് കൊല്ലം സാഹിത്യത്തിൽ അര നൂറ്റാണ്ട് പിന്നിടുകയാണ്. പിഷാരികാവ് കാളിയാട്ട പറമ്പിൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ വാർഷിക ആഘോഷവേദിയിൽ കെ. സുഗുണൻ്റെ” ഞങ്ങളും ജീവിച്ചോട്ടെ” എന്ന നാടകത്തിൽ എസ്ഐയുടെ വേഷത്തിൽ തുടങ്ങി പതിനേഴാം വയസിൽ തിക്കോടിയൻ്റെ രചനയിൽ എം കുഞ്ഞാണ്ടി സംവിധാനം ചെയ്ത” പുതുപ്പണം കോട്ട” എന്ന നാടകത്തിൽ പ്രധാന നടനായി രംഗപ്രവേശം ചെയ്തു. പിന്നീട് നാടകാചാര്യൻ കെ. ടി. മുഹമ്മദിൻ്റെ ഇത് ഭൂമിയാണ്, കാഫർ, സൃഷ്ടി, ദൈവശാസ്ത്രം, വെള്ളപ്പൊക്കം എന്നീ നാടകങ്ങളിലൂടെ ശ്രദ്ധേയനായി.

പ്രൊഫഷണൽ, അമേച്വർ നാടകങ്ങളിൽ ആയിരത്തിഅഞ്ഞൂറോളം വേദികളിലൂടെ അഭിനയം തുടർന്നു. ഇരുപതോളം നാടകങ്ങൾ സംവിധാനം ചെയ്തു. പത്തു നാടകങ്ങൾ എഴുതി. ശബ്ദനാടക രംഗത്ത് കാര്യമായ സംഭാവന നൽകി. കോഴിക്കോട് ആകാശവാണിയിൽ ബി – ഹൈആർടിസ്റ്റായി 1984 മുതൽ പ്രക്ഷേപണം ചെയ്ത നാൽപതോളം നാടകങ്ങളിൽ മുഖ്യകഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ” വീണ്ടും തിളങ്ങുന്ന സോപാനം” എന്ന നാടകം ആകാശവാണി നിലയം പ്രക്ഷേപണം ചെയ്തു. 

Share news