ഇസ്രയേലിൻറെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും; ഒബാമ
ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രയേലിൻറെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. ഇസ്രയേലിനോടുള്ള പലസ്തീന്‍ ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്‍ നിലനില്‍ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. മാനുഷികസഹായം നിഷേധിക്കുന്ന ഏത് സൈനിക തന്ത്രവും ആത്യന്തികമായ തിരിച്ചടിയായി മാറാം.

ബന്ദികളാക്കിയ ജനതയ്ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുന്ന നടപടി മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രയേലിനെ കുറിച്ചുള്ള പലസ്തീൻറെ മനോഭാവത്തെ തലമുറകളോളം ഇത് ബാധിക്കുകയും ഇസ്രയേലിന് മേലുള്ള ആഗോള പിന്തുണ ഇല്ലാതാക്കുകയും ചെയ്യും. ഇസ്രയേലിൻറെ ശത്രുക്കള്‍ കൂടുതല്‍ ശക്തിപ്പെടാനും ഈ മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ വഴിതെറ്റാനും ഇത് കാരണമാകുമെന്നും ഒബാമ ചൂണ്ടിക്കാട്ടി.

അതേസമയം ഇസ്രയേലിലേക്കുള്ള അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രയേലി സ്ത്രീകളെക്കൂടി ഗാസയില്‍ മോചിപ്പിച്ചു. നൂറിറ്റ് കൂപ്പര്‍, യോച്ചെവെഡ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് വിട്ടയച്ചത്. 79ഉം 85-ഉും ആണ് ഇരുവരുടേയും പ്രായം. ഇവരുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മനുഷ്യത്വപരമായ ചില കാരണങ്ങളാലാണ് ഇരുവരേയും വിട്ടയയ്ക്കുന്നതെന്ന് ഹമാസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ്ക്രോസാണ് ബന്ദികളെ വിട്ടുകിട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഈജിപ്തിൻറെയും ഖത്തറിൻറെയും നയതന്ത്ര ഇടപെടലുകളാണ് അതിവേഗം ബന്ദികളെ വിട്ടുകിട്ടാന്‍ സഹായിച്ചത്.

