KOYILANDY DIARY

The Perfect News Portal

ഇസ്രയേല്‍ ആക്രമണം ശക്തമാക്കി; ഗാസയുമായുള്ള ആശയവിനിമയോപാധികള്‍ പൂര്‍ണ്ണമായും തകര്‍ന്നു

ഗാസ: ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച തുടര്‍ന്ന ഇസ്രയേല്‍ ബോംബിങ്ങില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതായി പലസ്തീന്‍ സേവനദാതാക്കളായ പല്‍ടെല്‍ അറിയിച്ചു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവര്‍ത്തകരും അറിയിച്ചു.

വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങള്‍ ശക്തിപ്പെടുത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറം ലോകത്തില്‍നിന്ന് ഒറ്റപ്പെട്ടു. 

ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ ഇസ്രയേല്‍ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ആരോഗ്യസംവിധാനങ്ങളും താറുമാറായി. മൊബൈല്‍- ലാന്‍ഡ്‌ലൈന്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ മുനമ്പില്‍ പൂര്‍ണ്ണമായും ഇല്ലാതായി. ഗാസിയുലുള്ള തങ്ങളുടെ സ്റ്റാഫുകളുമായി ആശയവിനിമയം സാധ്യമാവുന്നില്ലന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു.

Advertisements

 

ആരോഗ്യപ്രവര്‍ത്തകരുടെ ജീവനെച്ചൊല്ലിയും അത്യാവശ്യമുള്ളവര്‍ക്ക് ചികിത്സലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തങ്ങളുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഇസ്രയേല്‍ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. അല്‍ ഖസം ബ്രിഗേഡ്‌സും മറ്റ് വിഭാഗങ്ങളും പൊരുതിക്കൊണ്ടിരിക്കുകയാണ്. നെതന്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും നേടില്ലെന്നും ഹമാസ് അവകാശപ്പെട്ടു.