ശരീരത്തില്‍ അയണിന്റെ കുറവുണ്ടോ? എങ്ങനെ അറിയാം
.
മുടികൊഴിയുക, നഖങ്ങള്‍ പൊട്ടിപോവുക തുടങ്ങിയ ചെറിയ സൂചനകള്‍ പോലും ശരീരത്തിലെ എന്തെങ്കിലും മാറ്റങ്ങളെയാണ് കാണിക്കുന്നതെന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ?. ശരീരത്തില്‍ അയേണിന്റെ കുറവ് ഉണ്ടാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്? ഏതൊക്കെ അവയവങ്ങളെയാണ് അത് ബാധിക്കുന്നത് എന്ന് നോക്കാം.

പലര്‍ക്കും ചര്‍മ്മം, ചുണ്ടുകള്‍, മുടി, നഖങ്ങള്‍ എന്നിവയിലെ ചെറിയ മാറ്റങ്ങളായാണ് ആദ്യം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഈ മാറ്റങ്ങളെ നമ്മള്‍ പലപ്പോഴും സൗന്ദര്യ പ്രശ്നങ്ങളായാണ് കാണുന്നത്. പക്ഷേ ചര്‍മ്മത്തിലെ മാറ്റങ്ങള്‍, അസാധാരണമായി മുടി കൊഴിച്ചില്‍, നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുക ഇതൊക്കെ സൗന്ദര്യ പ്രശ്‌നങ്ങളായി മാത്രം കാണരുത്. ശരീരത്തിന് പുറത്തെ മാറ്റങ്ങള്‍ ശരീരത്തിനുള്ളില്‍ നടക്കുന്ന എന്തോ ഒന്നിന്റെ ലക്ഷണങ്ങളാകാമെന്ന് ഓര്‍ക്കുക.

അയണ്‍ കുറവിന്റെ ലക്ഷണങ്ങള്‍
ഇരുമ്പിന്റെ അളവ് കുറയുന്നതിന്റെ ഏറ്റവും വ്യക്തമായ രണ്ട് ലക്ഷണങ്ങളാണ് വിളറിയ ചുണ്ടുകളും തളര്‍ന്ന കണ്‍പോളകളും. ആരോഗ്യമുള്ള ചുണ്ടുകള്‍ക്ക് സാധാരണയായി ഇളം പിങ്ക് നിറമായിരിക്കും. നല്ല രക്തപ്രവാഹവും ആവശ്യത്തിന് ഹീമോഗ്ലോബിന്‍ അളവും ഉണ്ടെന്നതിന്റെ സൂചനയാണിത്. ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍, കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നത് കുറയുകയും ചുണ്ടുകള്‍ക്ക് സ്വാഭാവിക നിറം നഷ്ടപ്പെടുകയും ചെയ്യാം. ചിലപ്പോള്‍ തവിട്ട് നിറത്തിലോ അല്ലെങ്കില്‍ ചാരനിറത്തിലോ കാണപ്പെടാം. ക്ഷീണമോ നിര്‍ജ്ജലീകരണമോ മൂലമാണ് ഇതെന്നാണ് പലരും കരുതുന്നത്. പക്ഷേ ലക്ഷണങ്ങള്‍ അതുപോലെതന്നെ തുടരുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണണം.

നഖങ്ങളിലെ മാറ്റങ്ങള്‍
നഖങ്ങള്‍ നന്നായി സംരക്ഷിച്ചിട്ടും അവ പൊട്ടുകയോ, അടര്‍ന്ന് പോവുകയോ വളരാതിരിക്കുകയോ ചെയ്താല്‍ അത് ഇരുമ്പ് കുറവിന്റെ സൂചനയാകാം. ചിലപ്പോള്‍, നഖങ്ങള്‍ പതുക്കെ അകത്തേക്ക് വളയാന്‍ തുടങ്ങുകയും, അവയ്ക്ക് പരന്ന ആകൃതി ഉണ്ടാവുകയും ചെയ്‌തേക്കാം.
മുടിയിലെ മാറ്റങ്ങള്‍
ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍ മുടി എളുപ്പത്തില്‍ കൊഴിയുകയും കനംകുറഞ്ഞതായി തോന്നുകയും ചെയ്യുന്നു. അല്ലെങ്കില്‍ വരണ്ടതും നിര്‍ജീവവുമായി തോന്നുന്നു. രോമകൂപങ്ങള്‍ അവയ്ക്ക് ലഭിക്കുന്ന ഓക്‌സിജന്റെ അളവിനനുസരിച്ചാണ് ആരോഗ്യത്തോടെയിരിക്കുന്നത്. ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍ ശരീരം രോമവളര്‍ച്ച നിര്‍ത്തുന്നു. തല്‍ഫലമായി, മുടി കൊഴിച്ചില്‍ വര്‍ധിക്കുന്നു. ചികിത്സ തേടിയില്ലെങ്കില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും.
ചര്‍മ്മത്തിലെ വ്യത്യാസം
ചര്‍മ്മം മങ്ങിയതോ, വരണ്ടതോ, അല്ലെങ്കില്‍ ക്ഷീണിച്ചതോ ആയി കാണപ്പെട്ടേക്കാം. ഇരുമ്പിന്റെ കുറവ് മുറിവ് ഉണങ്ങുന്നത് പതുക്കെയാക്കുന്നു. അതായത് ചെറിയ മുറിവുകളോ മുഖക്കുരു പാടുകളോ പോലും ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. ഈ ലക്ഷണങ്ങള്‍ മാറുന്നില്ലെങ്കില്‍ രക്തപരിശോധന നടത്തിനോക്കാവുന്നതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാന്‍ പാടുള്ളൂ. ഇരുമ്പിന്റെ അളവ് ക്രമേണെ പരിഹരിക്കപ്പെടുമ്പോള്‍ ചര്‍മ്മത്തിന്റെ നിറം, നഖങ്ങളുടെ ശക്തി, മുടിയുടെ ആരോഗ്യം എന്നിവ കാലക്രമേണ മെച്ചപ്പെടും.



