സ്വർണ്ണ കൊള്ളയിലെ നിലവിലെ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി
ശബരിമല സ്വർണ്ണ കൊള്ളയിലെ നിലവിലെ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുന്നു എന്നും കോടതി പറഞ്ഞു. ഇതുവരെ 181 സാക്ഷികളുടെ മൊഴിയെടുത്തു എന്ന് എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കി.

ദ്വാരപാലക കേസിൽ 15 പ്രതികളിൽ 9 പേരെ അറസ്റ്റ് ചെയ്തുവെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി കേസിൽ 12 പ്രതികളിൽ 9 അറസ്റ്റ് ചെയ്തെന്നും എസ്ഐടി പറയുന്നു. കേസില്‍ നിര്‍ണായകമാകുക ശാസ്ത്രീയ പരിശോധനാ ഫലമാണെന്ന് കോടതി നിരീക്ഷിച്ചു. സത്യം പുറത്തുവരാന്‍ സാവകാശം എടുക്കുമെന്ന കാര്യം ബോധ്യമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

ഊഹാപോഹപരവും, അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ വഴി എസ്‌ഐടി നിലവിൽ അനാവശ്യ സമ്മർദ്ദത്തിന് വിധേയമാകുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചില ആഖ്യാനങ്ങൾ മനഃപൂർവ്വം മെനഞ്ഞെടുത്തതാണെന്നും, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും തോന്നുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നാലാംഘട്ടത്തിലെ അന്വേഷണം സ്വര്‍ണ്ണക്കൈമാറ്റം സംബന്ധിച്ചെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും എസ്‌ഐടി അന്വേഷണം നടത്തി. സംശയകരമായ ബാങ്ക് അക്കൗണ്ടുകളിലും പരിശോധന നടത്തി. സംസ്ഥാനത്തിന് പുറത്തു നിന്നും സുപ്രധാന രേഖകൾ കണ്ടെടുത്തുവെന്നും എസ്.ഐ ടി കോടതിയിൽ വ്യക്തമാക്കി.




