KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്‌ട്ര ലൈവ്‌ സ്‌റ്റോക്ക്‌ കോൺക്ലേവ്‌: വെബ്‌സൈറ്റ്‌ പ്രകാശിപ്പിച്ചു

കൊച്ചി: കേരള വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസസ്‌ സർവകലാശാല അന്താരാഷ്‌ട്ര ലൈവ്‌ സ്‌റ്റോക്ക്‌ കോൺക്ലേവ്‌ വെബ്‌സൈറ്റ്‌ കുഫോസ്‌ വൈസ്‌ ചാൻസലർ ഡോ. പ്രദീപ്‌കുമാർ പ്രകാശിപ്പിച്ചു. ക്ഷീര – കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപ്പാദനക്ഷമതയും ലക്ഷ്യമിട്ട്‌ ഡിസംബർ 20 മുതൽ 29 വരെ വയനാട്‌ പൂക്കോട്‌ വെറ്ററിനറി കോളേജിലാണ്‌ കോൺക്ലേവ്‌ സംഘടിപ്പിക്കുന്നത്‌. ബ്രോഷർ കുഫോസ്‌ രജിസ്‌ട്രാർ ഡോ. ദിനേശ്‌ കൈപ്പുള്ളി പ്രകാശിപ്പിച്ചു.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക, കന്നുകാലി – ക്ഷീര കാർഷികമേഖലയിൽ യുവാക്കൾക്ക്‌ പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്‌ കോൺക്ലേവിന്റെ പ്രാഥമികലക്ഷ്യം. മൂല്യവർധിത ഉൽപ്പന്നങ്ങൾ, വളർത്തുമൃഗങ്ങൾ, പൗൾട്രി, ഡെയറി– അക്വാഫാമിങ്‌ വിഭാഗങ്ങളിലെ പുതിയ അറിവുകൾ, മാറിവരുന്ന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച്‌ കർഷകർക്ക്‌ ഏറെ പ്രയോജനം ചെയ്യുന്നതാകും കോൺക്ലേവ്‌. സെമിനാറുകൾ, ശിൽപ്പശാലകൾ തുടങ്ങിയവയും ഉണ്ടാകും.

 

അപൂർവയിനം വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡെയറി ഫാമിങ്‌, അക്വാഫാമിങ്‌ തുടങ്ങിയവ ഉൾക്കൊള്ളിച്ച്‌ രണ്ടുലക്ഷം ചതുരശ്രയടിയിൽ എക്‌സ്‌പോയും ഒരുക്കും. വെറ്ററിനറി ഡോക്ടർമാരും കാർഷികസംഘടനകളും ഉൾപ്പെടെ അഞ്ചുലക്ഷംപേർ കോൺക്ലേവിൽ പങ്കെടുക്കും. 2000 പ്രതിനിധികളുണ്ടാകും. പ്രകാശിപ്പിക്കൽ ചടങ്ങിൽ വെറ്ററിനറി സർവകലാശാല രജിസ്‌ട്രാർ ഡോ. പി സുധീർബാബു, ഡോ. സി ലത, ഡോ. ടി എസ്‌ രാജീവ്‌ എന്നിവർ സംസാരിച്ചു. ഫോൺ: 94460 52800.

Advertisements

 

Share news