KOYILANDY DIARY

The Perfect News Portal

കേരളത്തിൽ അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ സംഘടിപ്പിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫോക്‌ലോർ അക്കാദമി പുരസ്‌കാര സമർപ്പണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടൻകലകളുടെ ഖ്യാതി ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനും പൈതൃക ടൂറിസത്തിന്റെ ഭാഗമായി ലോക സഞ്ചാരികളെ ആകർഷിക്കാനുമാണിത്‌. ഇതോടെ നാടൻകലാ അക്കാദമിക്കും കലാകാരന്മാർക്കും സാംസ്‌കാരിക ലോകത്ത് വലിയ സ്ഥാനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

ഒരു നാട്ടിൽനിന്ന് ഒരു കല അന്യമായാൽ ആ നാടിന്റെ ചരിത്രമാണ് ഇല്ലാതാകുന്നത്. ഈ നിലപാടിൽ ഉറച്ചുനിന്നാണ് സർക്കാർ കേരളീയം സംഘടിപ്പിച്ചത്. അതിലും ചിലർ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. ഒരു ആരോപണവും വിലപ്പോകാതെ വന്നപ്പോൾ കേരളീയത്തിൽ ഫോക്‌ലോർ അക്കാദമി അവതരിപ്പിച്ച ‘ആദിമം’ എന്ന പരിപാടിയെ ആക്രമിച്ചു. ആദിവാസികളെ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. അതിനെതിരെ ആദിവാസി കലാകാരന്മാർ തന്നെ രംഗത്തെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ലക്ഷം രൂപയും വെങ്കല ശിൽപ്പവും കീർത്തിപത്രവും ഉൾപ്പെടുന്ന പി കെ കാളൻ പുരസ്‌കാരം ചിമ്മാനക്കളി ആചാര്യൻ കെ കുമാരനുവേണ്ടി മരുമകൻ സുജിത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്‌ ഏറ്റുവാങ്ങി. 157 കലാകാരന്മാർക്കുള്ള അക്കാദമി അവാർഡ് സമർപ്പണം നടന്നു. ഫെലോഷിപ്പുകളടക്കം ആകെ 157 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്.

Advertisements

 

മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, എംഎൽഎമാരായ വി കെ പ്രശാന്ത്, കെ വി സുമേഷ്, സാംസ്‌കാരിക ഡയറക്ടർ എൻ മായ, ഇ പി നാരായണൻ പെരുവണ്ണാൻ, ഡോ. കോയ കാപ്പാട്, കെ വി കുഞ്ഞിരാമൻ, പ്രസീത ചാലക്കുടി, എ വി അജയകുമാർ എന്നിവർ സംസാരിച്ചു. നാടൻപാട്ട്‌, നാടൻ കലകളുടെ അവതരണവും നടന്നു.