എട്ട് കിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘം പിടിയിൽ

ആലപ്പുഴ: 8.114 കിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തെ എക്സൈസ് പിടികൂടി. ചാരുംമൂട് പാലംമൂട് ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നിന്ന് കഞ്ചാവുമായാണ് സംഘത്തെ പിടികൂടിയത്. മലപ്പുറം പെരിന്തൽമണ്ണ രാമപുരത്ത് നെല്ലിശ്ശേരി വീട്ടിൽ അബ്ദുൾ ലത്തീഫ് (35), മാവേലിക്കര വള്ളിക്കുന്നം കടുവിനാൽ മുറിയിൽ സുമേഷ് ഭവനത്തിൽ സുമേഷ് കുമാർ (46), അടൂർ പള്ളിക്കൽ പഴങ്കുളം മുറിയിൽ പന്ത്രാക്കുഴി വീട്ടിൽ ഷാഹുൽ ജമാൽ (33) എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ അറസ്റ്റിലായത്.

നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ ഷൈജു ഖാന്റെ, ഖാൻ മൻസിൽ എന്ന വീടിന് സമീപം ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള ഒറ്റമുറി വീട്ടിലാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഷൈജു ഖാന് വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചതും വിൽപന നടത്തിയതെന്നും പ്രതികൾ എക്സൈസിന് മൊഴി നൽകി. അറസ്റ്റിലായ അബ്ദുൾ ലത്തീഫ് നിരവധി മയക്കുമരുന്ന് കേസിലും സുമേഷ് കൊലപാതക കേസിലും പ്രതിയാണ്.

പത്തനംതിട്ട എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ബൈജു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിൽ പ്രതികളെ തൊണ്ടിസഹിതം പിടിക്കുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എൻ പ്രസന്നൻ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം റെനി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് ആർ റഹിം, എസ് ദിലീഷ്, എസ് സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജീന വില്യംസ് എന്നിവർ ഉണ്ടായിരുന്നു.

