KOYILANDY DIARY.COM

The Perfect News Portal

കടകളിലും ക്ഷേത്രങ്ങളിലും കവർച്ച നടത്തിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ

മാവൂർ: നിരവധി കടകളിലും ക്ഷേത്രങ്ങളിലും കവർച്ച നടത്തിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ. പൂവാട്ട്പറമ്പ് മുതൽ ചൂലൂർ വരെ ഒറ്റ രാത്രിയിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി മോഷണങ്ങൾ നടത്തിയ യുവാവിനെ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. കരുവിശ്ശേരി മുണ്ട്യാടിത്താഴം സ്വദേശി ജോഷിത്ത് (കുട്ടൂസൻ) (33) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ എരഞ്ഞിപ്പാലം കൊണ്ടൊരു നാഗത്താൻ കാവിന്റെ ഭണ്ഡാരത്തിനടുത്ത് വെച്ചാണ് പ്രതി പോലീസിന്റെ കസ്റ്റഡിയിലായത്.
പെട്ടെന്ന് പണം സമ്പാദിച്ച് നാട്ടിൽ വിലസുന്നതിനായാണ് ഒരു ദിവസം തന്നെ ഇത്രയധികം മോഷണം നടത്തുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. രാത്രിയിൽ മുഖം മൂടിയും കയ്യുറയും ധരിച്ച് തൻ്റെ ബൈക്കിൽ മോഷണത്തിനിറങ്ങുന്ന പ്രതി ആദ്യം കാണുന്ന അമ്പലത്തിൽ കയറി ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷമാണ് തൻ്റെ മോഷണ പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ഭാഗത്തെ ആലുമ്പിലാക്കൽ അമ്പലത്തിൽ കവർച്ച നടത്തിയ ശേഷം പ്രതി പെരുവയൽ കട്ടയാട്ട് അമ്പലത്തിൽ മോഷണം നടത്തി.
ശേഷം ചെറൂപ്പയിലുള്ള ഹാർഡ് വെയർഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തി. തുടർന്ന് പ്രതി മാവൂരിലെത്തി മിൽമബൂത്ത് കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്നു. അതിന് ശേഷം സങ്കേതം കുനിയിൽ ശിവക്ഷേത്രത്തിലും മോഷണം നടത്തി. മോഷണ ശേഷം പ്രതി എരഞ്ഞിപ്പാലത്തെ രഹസ്യതാവളത്തിലേക്ക് തിരിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പ്രതി രഹസ്യമായി താമസിക്കുകയായിരുന്നു. കൂടാതെ പയ്യോളി, നടുവണ്ണൂർ ഭാഗങ്ങളിലെ കടകളിലും പ്രതി മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചു. 
ഒരു വർഷം മുമ്പ് ചെറൂപ്പയിലെ അതേ കടയിൽ പ്രതി മറ്റൊരു സംഘത്തോടൊപ്പം മോഷണം നടത്തിയിരുന്നെങ്കിലും മാവൂർ പോലീസിന് കടക്കാരൻ പരാതി നൽകിയിരുന്നില്ല. ഇത്തവണ വീണ്ടും മോഷണം നടന്നപ്പോൾ ആണ് പരാതിപ്പെട്ടത്. പ്രതിയുടെ മുൻകാല ചരിത്രം പരിശോധിച്ച സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്ക് കോഴിക്കോട് സിറ്റി, റൂറൽ കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ നിരവധി സ്റ്റേഷനുകളിൽ വാഹനമോഷണം, ബാറ്ററി മോഷണം, ദണ്ഡാര മോഷണം തുടങ്ങിയ നിരവധി കേസുകളുണ്ട്. 
ഇയാളുടെ കയ്യിൽ നിന്ന് മോഷണത്തിനുപയോഗിക്കുന്ന കൈയ്യുറയും മറ്റു ആയുധങ്ങളും, പോലീസ് പിടികൂടി. മോഷണത്തിന് മറ്റുസഹായികളുണ്ടോ എന്നും മറ്റും പോലീസ് പരിശോധിച്ച് വരികയാണ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മാവൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രമേഷ് ബാബു, SCPO ഷിബു, CPO രഞ്ജിത്ത്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Share news