KOYILANDY DIARY

The Perfect News Portal

​ദേശീയ ​ഗാനത്തെ അവഹേളിച്ചു; പാലോട് രവിക്കെതിരെ പരാതി

തിരുവനന്തപുരം: ​ദേശീയ ​ഗാനത്തെ അവഹേളിച്ചെന്ന് ആരോപിച്ച് ഡിസിസി പ്രസിഡണ്ട് പാലോട് രവിക്കെതിരെ പരാതിയുമായി ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവാണ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. മൈക്ക് സ്റ്റാൻഡിൽ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാൻ ആരംഭിച്ചതെന്നും ഇത് ബോധപൂർവമാണെന്നുമാണ് പരാതിയിൽ പറയുന്നത്. എംഎൽഎ ആയിരുന്ന വ്യക്തിയിൽ നിന്നും ഇങ്ങനെ ഉണ്ടാകാൻ പാടില്ലെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

കോൺ​ഗ്രസിന്റെ സമരാ​ഗ്നി ജാഥയുടെ സമാപനത്തിലാണ് സംഭവമുണ്ടായത്. സമരാഗ്നി ജാഥയുടെ സമാപനയോഗത്തിൽ പാലോട് രവി ദേശീയ ഗാനത്തിലെ വരികൾ തെറ്റായാണ് ആലപിച്ചത്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെട്ട് ​സിഡി ഇടാമെന്ന് പറഞ്ഞു. തുടർന്ന് ആലിപ്പറ്റ ജമീല ആണ് ദേശീയ​​ഗാനം തിരുത്തി ആലപിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തുവന്നതിന്റെ ക്ഷീണത്തിലിരുന്ന കോൺ​ഗ്രസിന് ഡിഡിസി പ്രസിഡന്റ് ദേശീയ ​ഗാനം തെറ്റിച്ച് പാടിയത് വീണ്ടും ക്ഷീണമായി.