KOYILANDY DIARY

The Perfect News Portal

പാചകവാതക വില വർദ്ധന ജനങ്ങളോടുള്ള ക്രൂരത; സിപിഐ(എം) പി ബി.

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ഉടനെ  പിൻവലിക്കമെന്ന്  സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് ഇന്ന് മുതൽ 50 രൂപയാണ് കൂട്ടിയത്. പാചക വാതകവില വർധനക്കൊപ്പം ഭക്ഷ്യവസ്തുക്കൾക്കും  അവശ്യസാധനങ്ങൾക്കും വില ഉയരുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിൽ ഈ വർധനവ്  ക്രൂരമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. വിലവർധനയെ പിബി ശക്തമായി അപലപിച്ചു.

വില വർധന താങ്ങാനാകാതെ  പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കൂടുതൽ ആളുകൾ പുറത്താകും. ഇതിനകം, ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവരിൽ 10 ശതമാനത്തിലധികം പേർ കഴിഞ്ഞ വർഷം റീഫിൽ സിലിണ്ടറുകളൊന്നും എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേർ ഒരു റീഫിൽ മാത്രമാണ് എടുത്തത്.  56.5 ശതമാനം പേർ  ഏറ്റവും കുറഞ്ഞ വാർഷിക ശരാശരിയായ 7 സിലിണ്ടറുകളിൽ നിന്ന് നാലോ അതിൽ കുറവോ റീഫിൽ സിലിണ്ടറുകൾ  മാത്രമേ എടുത്തിട്ടുള്ളൂ.

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില  ഈ വർഷം രണ്ടാം തവണയാണ് വർധിപ്പിച്ചത്.  ഒരു സിലിണ്ടറിന് ഇന്ന് 350.50 രൂപ വർദ്ധിപ്പിച്ചതോടെ ഡൽഹയിൽ വില 1769ൽനിന്ന് 2119.5 രൂപയായി. പാചകം ചെയ്യേണ്ട ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലവർധനക്ക് ഇതിടയാക്കും. പ്രസ്താവനയിൽ പറഞ്ഞു.

Advertisements