KOYILANDY DIARY.COM

The Perfect News Portal

ഡി കെ ശിവകുമാറിന് ഇന്‍കം ടാക്‌സ് നോട്ടീസ്

കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പ് നോട്ടീസ്. മുന്‍പ് തന്നെ പരിഹരിച്ച വിഷയത്തിന്റെ പേരിലാണ് തനിക്ക് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ഡി കെ ശിവകുമാര്‍ ആരോപിച്ചു. നോട്ടീസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ഈ രാജ്യത്ത് ജനാധിപത്യമുണ്ട്. നിയമവ്യവസ്ഥയുണ്ട്. എന്നിട്ടും ഉദ്യോഗസ്ഥരോട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ബിജെപി സര്‍ക്കാരാണ് നിര്‍ദേശിക്കുന്നതെന്നും ഡി കെ ശിവകുമാര്‍ കുറ്റപ്പെടുത്തി. 

ഇന്നലെ രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്ന് ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ മുന്നണി എന്‍ഡിഎ മുന്നണിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നതിനാല്‍ പ്രതിപക്ഷത്തില്‍ ഭയം ജനിപ്പിക്കാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡി കെ ശിവകുമാര്‍ കുറ്റപ്പെടുത്തി. ബിജെപിയ്ക്ക് പരാജയഭീതിയാണെന്നും അവര്‍ തങ്ങളുടെ ബലഹീനത തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും ഡി കെ ശിവകുമാര്‍ ആഞ്ഞടിച്ചു.

 

കേന്ദ്രമന്ത്രിമാര്‍ക്കും കര്‍ണാടകയിലെ ഉള്‍പ്പെടെ ചില പ്രമുഖ ബിജെപി നേതാക്കള്‍ക്കുമെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികളില്‍ നിന്നും അവര്‍ക്കാര്‍ക്കും നോട്ടീസ് ലഭിക്കുന്നില്ല? ഡി കെ ശിവകുമാര്‍ ചോദിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് ഡി കെ ശിവകുമാറിന് നോട്ടീസും ലഭിച്ചിരിക്കുന്നത്.

Advertisements
Share news