KOYILANDY DIARY.COM

The Perfect News Portal

നാദാപുരത്ത് വനിതാ സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ച സംഭവം:  ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: നാദാപുരത്ത് വനിതാ സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ച സംഭവം:  ഒരാൾ അറസ്റ്റിൽ. യുവതിയുടെ അയൽവാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിനെയാണ് (36) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പേരറിയാവുന്ന ആറ് പേർക്കെതിരെയും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം. നാദാപുരം – പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ വെച്ച് യുവതിയുടെ സുഹൃത്തായ കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖ് വിനയനാണ് (29) ആക്രമണത്തിനിരയായത്. യുവതിയുടെയും മക്കളുടെയും മുന്നിൽ വെച്ച് ഇരുപതോളം വരുന്ന അക്രമി സംഘം വിശാഖിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡുകളും ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇയാളുടെയും യുവതിയുടെയും ഫോണുകൾ അക്രമിസംഘം കൈക്കലാക്കുകയും. രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ വിവരമറിഞ്ഞെത്തിയ നാദാപുരം പൊലീസ് നാദാപുരം ഗവ. ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ദേഹമാസകലം പരിക്കേറ്റ വിശാഖിനെ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായും ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും നാദാപുരം പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Share news