KOYILANDY DIARY

The Perfect News Portal

അനധികൃത മണൽ ഖനനം: മിനറൽ ട്രാൻസിറ്റ് പാസ് ദുരുപയോഗം ചെയ്യുന്നു. കർശന നടപടിയെന്ന് തഹസിൽദാർ

കൊയിലാണ്ടിയിൽ അനധികൃത മണൽ ഖനനം: മിനറൽ ട്രാൻസിറ്റ് പാസ് ദുരുപയോഗം ചെയ്യുന്നു. ഒരു കാർ ഉൾപ്പെടെ 5 വാഹനങ്ങൾ പിടിച്ചെടുത്തു. കർശന നടപടിയെന്ന് തഹസിൽദാർ. ധാതുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ജിയോളജി വകുപ്പ് അനുവദിക്കുന്ന മിനറൽ ട്രാൻസിറ്റ് പാസിലെ നിബന്ധനകൾ ലംഘിച്ചാണ് നിയമവിരുദ്ധമായി മണൽ നീക്കംചെയ്യുന്നതെന്നും ഇതിനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കൊയിലാണ്ടി തഹസിൽദാർ സി പി മണി അറിയിച്ചു.
കൊയിലാണ്ടി താലൂക്ക് പന്തലായിനി നടുവണ്ണൂർ എന്നീ വില്ലേജുകളിൽ അനുവദിച്ചിട്ടുള്ള പാസുകൾ ദുരുപയോഗം ചെയ്തു അനുമതി നൽകിയതിലും കൂടുതൽ ചെമ്മണ്ണ് കടത്തിക്കൊണ്ടു പോകുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാരുടെ നിർദേശ പ്രകാരം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പുലർച്ചെ നാലുമണി മുതൽ നടത്തിയ പരിശോധനയിൽ പാസ്സ് ഇല്ലാതെയും നിബന്ധനകൾ ലംഘിച്ചും കരിങ്കല്ല് ചെമ്മണ്ണ് മുതലായ കടത്തിയ അഞ്ചിൽ അധികം വാഹനങ്ങൾ പിടിച്ചെടുത്തു.
അനുമതി നൽകിയിട്ടുള്ള പാസിലെ നിബന്ധനകൾ ലംഘിക്കുന്ന പക്ഷം പാസ് ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു. പരിശോധനയ്ക്ക് എൽ.എ. തഹസിൽദാർ രഞ്ജിത്ത് ഡി, ഡെപ്യൂട്ടി തഹസിൽദാർമാരായ ശശിധരൻ പി, രവീന്ദ്രൻ യുകെ എന്നിവർ നേതൃത്വം നൽകി. പരിശോധനയിൽ താലൂക്ക് ഓഫീസ് ജീവനക്കാരായ ജോഷി ജോസ്, ലിതേഷ്സിപി, ലാഹിക് പി കെ, വിനോദൻ, നൗഫൽ, ആൻറണി ലതീഷ് വി വി, സനൽ, ശരത് രാജ് എന്നിവർ പങ്കെടുത്തു.