KOYILANDY DIARY.COM

The Perfect News Portal

പാഴാക്കാതെ ഭക്ഷണം കഴിച്ചാൽ സമ്മാനം ഉറപ്പ്

പാഴാക്കാതെ ഭക്ഷണം കഴിച്ചാൽ സമ്മാനം ഉറപ്പ്. വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ആരംഭിച്ച ‘അന്നം അമൃതം’ പദ്ധതിയിലൂടെയാണ് വേറിട്ട ഭക്ഷണ മാതൃകയൊരുക്കി കുട്ടികളിൽ മികച്ച ഭക്ഷണ ശീലമൊരുക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
ഓരോ ദിവസവും ഉച്ച ഭക്ഷണ സമയത്ത് കുട്ടികളുടെ  നേതൃത്വത്തിലുള്ള പ്രത്യക സംഘം ക്ലാസുകൾ സന്ദർശിച്ച് പ്രത്യേകം തയ്യാറാക്കിയ ഫുഡ് റജിസ്റ്ററിൽ പുറത്ത് വീണ ചോറ് മണികൾ എണ്ണി നോക്കുകയും രേഖപ്പെടുത്തുകയും ചെയ്യും. മാസാവസാനം റജിസ്റ്റർ പരിശോധിച്ച്  മികച്ച ക്ലാസുകളെ കണ്ടെത്തി അസംബ്ലിയിൽ സമ്മാന ദാനം നടത്തി വരുന്നു.
ഈ പദ്ധതിക്ക് തുടക്കമിട്ടതോട് കൂടി ഭക്ഷണം പാഴാക്കുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾ  ഇപ്പോൾ മിഠായി വിതരണത്തിന് പകരം പായസവും, ചിക്കൻ കറിയും, വീട്ടിൽ വിളയിച്ച പച്ചക്കറികളുമൊക്കെ സ്കൂളിന് സംഭാവന ചെയ്താണ് പിറന്നാളാഘോഷം സംഘടിപ്പിച്ച് വരുന്നത്.
കുട്ടികളുടെ വീടുകളിലെ മുതിർന്നവരുടെ പിറന്നാളാഘോഷങ്ങളും, വീടുകളിലെ വിശേഷ ദിവസങ്ങളിലും ‘അന്നം അമൃതം’
പദ്ധതിയിലേക്ക് രക്ഷിതാക്കൾ വൈവിധ്യമാർന്ന ഭക്ഷ്യ വസ്തുക്കൾ സ്പോൺസർ ചെയ്ത് വരുന്നുണ്ട്.
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ലഭ്യമാക്കാനായി മുൻ വർഷങ്ങളിൽ ബീറ്റ്റൂട്ട്, കാബേജ്, കോളിഫ്ലവർ, കരനെല്ല് കൃഷികൾ ചെയ്ത് നൂറ് മേനി വിളയിച്ചത് പോലെ  ഇത്തവണയും ഈ പദ്ധതിയുടെ ഭാഗമായി കാർഷിക രംഗത്തേക്ക് ഇറങ്ങാനിരിക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ.
ഒരു മണിവറ്റ് പോലും പാഴാക്കാതെ മികച്ച ഒരു ഭക്ഷണ സംസ്കാരം രൂപപ്പെടുത്തുന്ന ഈ പദ്ധതി വീടുകളിലേക്ക് കൂടി വ്യാപിപ്പിക്കാനിരിക്കുകയാണ് ഈ വിദ്യാലയം.
Share news