ഹണി റോസിന്‍റെ പരാതി; മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

നടി ഹണി റോസിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനൽ ചർച്ചകളിൽ പങ്കെടുക്കവെ രാഹുൽ നടത്തിയ പരാമർശങ്ങളിലാണ് ഹണി റോസ് പരാതി നൽകിയത്. ഹണിക്കെതിരായ പരാമർശങ്ങളിൽ തൃശ്ശൂർ സ്വദേശിയായ സലിം ഇന്ത്യയും രാഹുലിനെതിരെ പരാതി നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന പരാതിയിൽ നിയമോപദേശം തേടിയ ശേഷം കേസെടുക്കാം എന്ന നിലപാടിലാണ് പോലീസ്.

നിയമോപദേശം കിട്ടുന്ന മുറയ്ക്ക് എറണാകുളം സെൻട്രൽ പോലീസ് നടപടികൾ വേഗത്തിലാക്കും. സൈബർ ഇടത്തില്‍ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയായിരുന്നു രാഹുല്‍ ഈശ്വർ എന്നും പരാതിയിൽ ആരോപണമുണ്ട്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും അതിനു പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍ ആണെന്നും ഹണിറോസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു. കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഹണി റോസ് പറഞ്ഞിരുന്നു. തുടർന്നാണ്, ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും ഹണി റോസ് നിയമപോരാട്ടം ആരംഭിച്ചത്.

