ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി പ്രവർത്തനം തുടങ്ങി; മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി പ്രവർത്തനം തുടങ്ങി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സഭയെ അറിയിച്ചതാണ് ഇക്കാര്യം. പലപദ്ധതികൾ ശബരിമലയിൽ പ്രവർത്തി പുരോഗമിക്കയാണ്. എന്നാൽ ഭൂമി ലഭ്യമാക്കുന്നതാണ് തടസമെന്നും മന്ത്രി വിശദമാക്കി. നിയമസഭയിൽ എം വിൻസെൻറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ശബരിമലയിൽ ചില സന്ദർഭങ്ങളിൽ വൻ തിരക്ക് ഉണ്ടായി. എന്നാൽ ഇത് ഉപയോഗിച്ച് ശബരിമലയെ തകർക്കുന്ന തരത്തിൽ പലരും പ്രചാരണം നടത്തി. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന തരത്തിൽ പെയ്ഡ് ന്യൂസുകൾ ഉണ്ടായി. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വ്യാജ വീഡിയോ വന്നു. കുഞ്ഞിൻ്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന തരത്തിൽ ഉപയോഗിച്ച് പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെയാണ് ഇതിന് ശമനമുണ്ടായത്.

യഥാർത്ഥ ഭക്തരാരും ദർശനം നടത്താതെ തിരികെ പോയിട്ടില്ല. ശബരിമലയിൽ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം വേറെയാണ്. പുൽമേടിന്റെയും പമ്പയുടെയും അനുഭവം നമുക്കു മുന്നിലുണ്ട്. ആ അനുഭവം ആവർത്തിക്കാതിരിക്കാൻ ആണ് പൊലീസ് മുൻകരുതലെടുത്തത്. പൊലീസ് ഇടപെടൽ ശരിയായ രീതിയിൽ ആണെന്ന അഭിപ്രായമാണ് സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.

