KOYILANDY DIARY.COM

The Perfect News Portal

എയിംസിൽ കേരളത്തെ പിന്തുണച്ച് ഹൈക്കോടതി; കേന്ദ്രനിലപാടിന് വിമർശം

.

കൊച്ചി: എയിംസ്‌ വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ അനുകൂലിച്ചും പദ്ധതി വൈകിപ്പിക്കുന്ന കേന്ദ്രനിലപാടിനെ വിമർശിച്ചും ഹൈക്കോടതി. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്‌റ്റിസ് വി എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന സർക്കാർ നിർദേശിച്ച, കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാനുള്ള സാധ്യതാപഠനം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. അനുകൂല പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. വിഷയം വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഓൺലൈനിൽ ഹാജരായി വിശദാംശങ്ങൾ അറിയിക്കണമെന്നും ഉത്തരവിട്ടു.

 

സംസ്ഥാന സർക്കാരിനെയും മറ്റും ഏകോപിപ്പിച്ച് സാധ്യതാപഠനം നടത്തി റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാരിനോട്‌ ഫെബ്രുവരി നാലിന്‌ കോടതി നിർദേശിച്ചിരുന്നു. കിനാലൂരിലെ സ്ഥലം എയിംസിനുള്ള കേന്ദ്രമാർഗനിർദേശങ്ങൾക്കു യോജിച്ചതാണോ എന്നറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാർ നാലാഴ്ചകൂടി ചോദിച്ചു. പദ്ധതിക്ക് ബജറ്റ്‌വിഹിതം നീക്കിവെച്ചിട്ടില്ലെന്നും അറിയിച്ചു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, 2024 മുതൽ ഈ വിഷയം പരിഗണനയിലുള്ളതല്ലേയെന്നും ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും പറഞ്ഞു.

Advertisements

 

ബജറ്റ്‌വിഹിതമല്ല, അനുമതിയാണ് ആദ്യം ആവശ്യമെന്നും വ്യക്തമാക്കി. 2025 മേയിൽ കിനാലൂരിലെ സ്ഥലം നിർദേശിച്ചതാണെന്നും കേന്ദ്രസർക്കാരാണ് ഇനി തീരുമാനം അറിയിക്കേണ്ടതെന്നും സംസ്ഥാനസർക്കാർ അറിയിച്ചു. തുടർന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചത്.

എയിംസ് സ്ഥാപിക്കാൻ പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയാണ്‌ ഹൈക്കോടതി പരിഗണിച്ചത്.

 

Share news