KOYILANDY DIARY.COM

The Perfect News Portal

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. എസ്ഐടി ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നതായി കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മൊഴി നൽകാനും പരാതി നൽകാനും ചലച്ചിത്ര പ്രവർത്തകർ വിസമ്മതിക്കുന്നുവെന്നാണ് വിവരം. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

എസ്ഐടി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍ പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. എന്നാല്‍ നോട്ടീസ് ലഭിച്ചവര്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലെന്ന് നിയമാനുസൃതം എസ്ഐടിക്ക് മറുപടി നല്‍കണം. എന്നാല്‍ അന്വഷണത്തിൻ്റെ പേരില്‍ ആരേയും ബുദ്ധിമുട്ടിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. ചലച്ചിത്രങ്ങളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ചലച്ചിത്രങ്ങളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ, ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു.

Share news