ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ; ജമ്മുവില്‍ മണ്ണിടിച്ചിലില്‍, മരണം 30 ആയി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ. മേഘവിസ്‌ഫോടനം ഉണ്ടായ ജമ്മു കാശ്മീരിലെ ഡോഡയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായാണ് അധിൃതര്‍ വ്യക്തമാക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമുകള്‍ തുറന്നത് പഞ്ചാബിലും പ്രളയ ഭീഷണി നേരിടുന്നുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തരഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവീ ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലില്‍ മരണം 30 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.

പ്രദേശത്ത് സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് ഒഡീഷയിലെ ബാലസോര്‍, ഭദ്രക്, ജാജ്പൂര്‍ ജില്ലകളിലെ 170ലേറെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുളു, മണാലി മേഖലയില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായുമാണ് വിവരം. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്രമായമഴ ഇന്നും തുടരുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.

