KOYILANDY DIARY

The Perfect News Portal

കേരളത്തെ ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കും; മുഖ്യമന്ത്രി

കോന്നി: ആരോഗ്യപരിചരണം, ആരോ​ഗ്യ  ടൂറിസം മേഖലകളിൽ  മെച്ചപ്പെട്ട സേവനം നൽകി കേരളത്തെ ഹെൽത്ത് കെയർ ഹബ്ബാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാരംഭപ്രവർത്തനങ്ങൾക്കായി 30 കോടി രൂപ അനുവദിച്ചെന്നും കോന്നി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

1,65,000 ചതുരശ്ര അടി വിസ്തീർണമുള്ള അക്കാദമിക് ബ്ലോക്കിന്‌ 40 കോടി രൂപയാണ്  ചെലവഴിച്ചത്. മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ടം നിർമാണത്തിന്‌ 352 കോടി രൂപയുടെ ഭരണാനുമതിയായി. 200 കിടക്കകളുള്ള രണ്ടാമത്തെ ബ്ലോക്കിന്റെ നിർമാണം തുടങ്ങി. ആരോഗ്യമേഖലയ്ക്ക്‌ 2,228 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത്. ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താൻ 30 വയസ്സിന് മുകളിലുള്ളവർക്ക് വാർഷിക പരിശോധന പദ്ധതിയുണ്ട്‌. കഴിഞ്ഞ മാസംവരെ 70 ലക്ഷംപേർ സ്‌ക്രീനിങ്‌ നടത്തി. ആശുപത്രികളെ ബന്ധിപ്പിച്ച് ക്യാൻസർ കെയർ ഗ്രിഡ് സംവിധാനം ഒരുക്കും. ജില്ലാആശുപത്രികളിൽ ക്യാൻസർ ചികിത്സാകേന്ദ്രങ്ങളുണ്ടാകും. സർക്കാർ മേഖലയിലെ ലാബുകളെ ഹബ് ആൻഡ് സ്‌പോക്ക് മാതൃകയിൽ ബന്ധപ്പെടുത്തും. എറണാകുളം, മലപ്പുറം ജില്ലകളിൽ പദ്ധതി ആരംഭിച്ചു. എല്ലാ മെഡിക്കൽ കോളജുകളിലും പാലിയേറ്റീവ് കെയർ ഡിപ്പാർട്ട്‌മെന്റ്‌ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

സാംക്രമിക രോഗനിയന്ത്രണത്തിനായി 140  മണ്ഡലങ്ങളിലും കുറഞ്ഞത് 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ തുടങ്ങും. 10 ഇടത്ത്‌ പൂർത്തിയായി. മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകളുമുണ്ടാകും. 42 ലക്ഷം കുടുംബങ്ങൾക്കാണ് കാരുണ്യ സമഗ്ര ഇൻഷുൻസ് പദ്ധതി പ്രകാരം ആരോഗ്യസുരക്ഷ ലഭ്യമാകുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 1,630 കോടി രൂപ ചെലവഴിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി.

Advertisements