KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് നാളെ മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്ത് നാളെ മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, കാർഡ്‌ ഇല്ലാത്ത  ജീവനക്കാരെയും സ്ഥാപനങ്ങളെയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ (സേഫ് ഫുഡ് ഡെസ്റ്റിനേഷൻ) എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെയും, വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവനയും ഹാജരാക്കണം.

Advertisements

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഇതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നതും വ്യക്തമാക്കിയിരിക്കണം.

Share news