ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി നേരിട്ടു കേൾക്കാനാണ് തനിക്ക് താല്പര്യം; മന്ത്രി ഒ.ആർ.കേളു

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരമാവധി നേരിട്ടു കേൾക്കാനാണ് തനിക്ക് താല്പര്യമെന്ന് വയനാട്ടിൽ നിന്നുള്ള നിയുക്ത മന്ത്രി ഒ.ആർ.കേളു. ഒരു എം.പി. എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് വീഴ്ച പറ്റിയതും ഇക്കാര്യത്തിലാണ്. ഒരു എം.എൽ.എ.ആയിട്ടു പോലും തനിക്ക് വയനാട്ടിലെ പ്രശ്നങ്ങൾ എം.പി.യായ രാഹുൽ ഗാന്ധിക്ക് മുമ്പിൽ അവതരിപ്പിക്കുവാൻ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരാകണം. ജനങ്ങൾക്ക് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ അർഹരായ ആളുകളിലേക്ക് സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ ഭൂമി, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പോലെയുള്ള നിരവധി ആവശ്യങ്ങൾ പൂർത്തീകരിക്കാൻ തൻ്റെ ഭാഗത്തു നിന്നും നിരന്തരശ്രമം ഉണ്ടാകുമെന്നും ഒ.ആർ കേളു കൂട്ടിച്ചേർത്തു.
