KOYILANDY DIARY.COM

The Perfect News Portal

വിദേശ മദ്യം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 74 ലക്ഷം രൂപ തട്ടി. രണ്ട് പേർ കസ്റ്റഡിയിൽ

പട്ടാമ്പി: വിദേശ മദ്യം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 74 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന്മാർ അറസ്റ്റിൽ. വിദേശ മദ്യം നിർമിച്ച് നൽകാമെന്നും ബിവറേജസ് കോർപ്പറേഷന് വിതരണം ചെയ്യാനുള്ള അവകാശം സംഘടിപ്പിച്ചു നൽകാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പഞ്ചാബ് സ്വദേശി കരുൺ കൗറ (39), എറണാംകുളം സ്വദേശി ശ്രീകുമാർ (48) എന്നിവരാണ്‌ പിടിയിലായത്. കൂറ്റനാട് തെക്കേ വാവന്നൂർ സ്വദേശി മനോജിന്റെ കൈയിൽനിന്ന്‌ പ്രതികൾ 74 ലക്ഷം രൂപയാണ്‌ തട്ടിയത്‌.

2022ലാണ് സംഭവം. പറഞ്ഞ കാര്യങ്ങളൊന്നും നടക്കാതിരുന്നതോടെ മനോജ് 2023ൽ പട്ടാമ്പി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരുൺ ഡൽഹിയിലും ശ്രീകുമാർ എറണാകുളത്ത്‌ നിന്നുമാണ്‌ പിടിയിലായത്. എസ്എച്ച്‌ഒ എൻ ബി ഷൈജു, എസ്ഐ കെ പി ജയരാജ്, എഎസ്ഐ എൻ എസ് മണി, സിപിഒ അൻവർ സാദത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Share news