നായയെ മടിയിലിരുത്തി കാറോടിച്ചു; പള്ളി വികാരിക്കെതിരെ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. പടംനിലം കതോലിക്കപള്ളി വികാരി കൊല്ലം പേരയം മിനിഭവനിൽ ബൈജു വിൻസന്റിനെതിരെയാണ് (50) ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ കേസെടുത്തത്.

അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിലാണ് കേസ്. ആറിന് വൈകിട്ട് അഞ്ചിന് ചാരുംമൂട്ടിൽനിന്ന് പടനിലത്തേക്കുള്ള യാത്രയിലാണ് സംഭവം. സമീപത്തു കൂടെ പോയ വാഹനത്തിലുണ്ടായിരുന്നയാൾ പകർത്തി ആർടിഒയ്‌ക്ക് അയക്കുകയായിരുന്നു. ചിത്രം സമൂഹമാധ്യമത്തിലും പ്രചരിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഫാ. ബൈജു വിൻസെന്റിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും.

ഇതുസംബന്ധിച്ച് വിശദീകരിക്കാൻ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ആർടിഒ ആർ രമണൻ മുമ്പാകെ ഹാജരായി. പരിക്ക് പറ്റിയ നായയുടെ കാലിന് പ്ലാസ്‌റ്ററിടാൻ വേണ്ടി ആശുപത്രിയിലേക്ക് പോയതായിരുന്നുവെന്നും ചെയ്‌തത് നിയമലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നും അറിവോടെ ഒരിക്കലും ഇത്തരത്തിൽ തെറ്റ് ചെയ്യില്ലെന്നും ബൈജു വിൻസന്റ് പറഞ്ഞു.

