KOYILANDY DIARY

The Perfect News Portal

തോമസ്‌ ഐസക്കിനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ഇഡിയെ വിലക്കി ഹൈക്കോടതി

കൊച്ചി: ഡോ. ടി എം തോമസ്‌ ഐസക്കിനെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ ചോദ്യം ചെയ്യുന്നതിൽനിന്ന്‌ ഇഡിയെ വിലക്കി ഹൈക്കോടതി. വിദേശത്ത്‌ മസാല ബോണ്ട്‌ ഇറക്കിയതിൽ ഫെമ നിയമലംഘനമുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി ഇഡി തുടർച്ചയായി സമൻസ്‌ അയക്കുന്നത്‌ ചോദ്യംചെയ്‌ത്‌ തോമസ്‌ ഐസക്കും കിഫ്‌ബിയും നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ ടി ആർ രവിയുടെ ഉത്തരവ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോമസ്‌ ഐസക്‌ സ്ഥാനാർത്ഥിയാണെന്നും തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.  

പത്തനംതിട്ടയിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥിയായ തോമസ്‌ ഐസക്കിനെ രാഷ്‌ട്രീയവേട്ടയുടെ ഭാഗമായി തെരഞ്ഞെടുപ്പിനുമുമ്പ്‌ അവഹേളിക്കാൻ ഇഡി നടത്തിയ നീക്കമാണ്‌ ഇതോടെ പരാജയപ്പെട്ടത്‌. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഇഡി ബോധ്യപ്പെടുത്തണമെന്ന്‌ കഴിഞ്ഞദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി ഹാജരാക്കിയ ചില രേഖകളിൽ വിശദീകരണം ആവശ്യമുണ്ടെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം നടക്കുന്നതിനാൽ ഈ രേഖകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി.  

 

തോമസ്‌ ഐസക്കിന്‌ ഹാജരാകാൻ കഴിയുന്ന തീയതി അറിയിക്കാൻ ഇഡി ആവശ്യപ്പെട്ടെങ്കിലും അങ്ങനെ നിർദേശിക്കില്ലെന്ന്‌ കോടതി വ്യക്തമാക്കി. തോമസ്‌ ഐസക്കിനോട്‌ ഹാജരാകാൻ പറയുന്നത്‌ നിർബന്ധിക്കുന്നതിന്‌ തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു. കിഫ്‌ബിയും തോമസ്‌ ഐസക്കും നൽകിയ ഹർജികളിൽ അവധിക്കുശേഷം വിശദവാദം കേൾക്കും. ഇഡി അയച്ച സമൻസിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ ബാധ്യതയില്ലെന്ന്‌ തോമസ്‌ ഐസക് വ്യക്തമാക്കി.

Advertisements