KOYILANDY DIARY

The Perfect News Portal

പ്രീപ്രൈമറി മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള മാർഗരേഖ പരിഗണനയിൽ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രീപ്രൈമറി മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള മാർഗരേഖ സർക്കാറിന്റെ പരിഗണനയിലാണെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യമായാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്‌ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. പുതുക്കിയ പാഠപുസ്‌തകങ്ങൾ അടുത്ത അധ്യയന വർഷത്തോടുകൂടി വിതരണം ചെയ്യും. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

Advertisements

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ആദ്യഘട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പുസ്‌തകം വിതരണം ചെയ്‌തു. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്‌തകങ്ങൾ ഉടൻ വിതരണം ചെയ്യും. ഹയർസെക്കൻഡറി മേഖലയിലെ പുസ്‌തകങ്ങൾ ഈ വർഷം പരിഷ്‌കരിക്കും. നിലവിൽ എൻസിഇആർടി തയ്യാറാക്കിയതും എസ്‌സിഇആർടി കേരള തയാറാക്കിയതുമായ പുസ്‌തകങ്ങളാണ്‌  ഉപയോഗിക്കുന്നത്. എസ്‌സിഇആർടി പാഠപുസ്‌തകങ്ങളുടെ പരിഷ്‌രണം 2026ൽ പൂർത്തിയാക്കും.

 

കായിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കാനുള്ള പദ്ധതികൾ നടപ്പാക്കും. സംസ്ഥാനത്തെ സ്‌പോർട്‌സ്‌ വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗെയിംസ്‌, അത്‌ലറ്റിക്‌സ്‌ ഇനങ്ങൾ ഒരുമിച്ചുചേർത്ത്‌ സ്‌കൂൾ ഒളിമ്പിക്‌സ്‌ നടത്തുന്നതിനുള്ള സാധ്യത തേടുന്നുണ്ട്. ഭിന്നശേഷി കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ വികസിപ്പിച്ചു.

Advertisements

 

ഭിന്നശേഷിക്കാർക്കായി സ്‌പെഷ്യൽ ഒളിമ്പിക്‌സ്‌ മാതൃകയിൽ കായികമേള നടത്തുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു. എം മുകേഷ്, എം വിജിൻ, പിടിഎ റഹീം, കെ കെ രാമചന്ദ്രൻ, ടി ഐ മധുസൂദനൻ, കടകംപള്ളി സുരേന്ദ്രൻ, ആബിദ്‌ ഹുസൈൻ തങ്ങൾ എന്നിവരുടെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.