KOYILANDY DIARY.COM

The Perfect News Portal

സാങ്കേതിക വിദ്യയുടെ വളർച്ച സമൂ​ഹത്തിന്റെ ഉന്നമനത്തിനായി ഉപയോ​ഗിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി

കൊച്ചി: സാങ്കേതിക വിദ്യയുടെ വളർച്ച സമൂ​ഹത്തിന്റെ വിവിധതുറകളിലെ ഉന്നമനത്തിനായി ഉപയോ​ഗിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട് പദ്ധതിയടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനവും ഓൺലൈനായി ജനങ്ങളിലേക്കെത്തുന്ന പദ്ധതിയാണ് കെ സ്‌മാർട്.

നവവത്സര ദിനത്തിൽ തന്നെ ഇത് ജനങ്ങളിലേക്കെത്തുന്നു എന്നുള്ളത് നമുക്ക് ഏവർക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരമൊരു സേവനം ലഭ്യമാക്കുന്നത്. നൂതന സാങ്കേതിക വിദ്യ രം​ഗത്ത് എന്നും വഴികാട്ടിയായി നിന്ന സംസ്ഥാനമാണ് കേരളം. സാങ്കേതിക വിദ്യയിലെ വളർച്ചയെ സമൂഹത്തിന്റെ വിവിധ തുറകളിലെ ഉന്നമനത്തിനായി ഉപയോ​ഗിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ മേഖല അതിന്റെ ഉത്തമ ഉദാഹരണമാണ്. 45000 ക്ലാസ് മുറികൾ ഹൈടെക് ആയി മാറി.

 

ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ചു. കെ ഫോൺ വഴി സാധാരണക്കാർക്ക് ഇന്റർനെറ്റ് കുറഞ്ഞ നിരക്കിൽ നൽകി. 900ത്തോളം സേവനങ്ങൾ ഓണലൈനാക്കി. എംസേവനങ്ങൾ എന്ന പേരിൽ പ്രത്യേക ആപ് പുറത്തിറക്കി. സാങ്കേതിക വിദ്യയെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ അവതരിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു എന്നുള്ളതാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്.  ആ നിരയിലുള്ള മറ്റൊരു വലിയ മുൻകൈയാണ് കെ സ്മാർട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Advertisements

 

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാനുള്ള സംരംഭമാണ് കെ സ്മാർട്. കെ – സ്‌മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്‌മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) നിലവിൽ വരുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. ഏപ്രിൽ ഒന്നുമുതൽ കെ സ്‌മാർട്ട് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പ്രാദേശിക സർക്കാരുകളുടെ സേവനങ്ങൾ പൂർണമായും ഓൺലൈനാകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. ഓഫീസുകളിൽ പോകാതെ തന്നെ സുതാര്യവും സമയബന്ധിതവും അഴിമതിരഹിതവുമായി, തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഉറപ്പാക്കാൻ കെ സ്‌മാർട്ടിലൂടെ കഴിയും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ – സ്‌മാർട്ട്  വികസിപ്പിച്ചത്.

 

ആദ്യ ഘട്ടത്തിൽ ജനന – മരണ  വിവാഹ രജിസ്ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ, വസ്‌തു നികുതി, കെട്ടിട നിർമാണ അനുമതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, കെട്ടിട പെർമിറ്റ്, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളായിരിക്കും ലഭ്യമാവുക. കെ – സ്‌മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി ഓൺലൈനായി അറിയാനും സാധിക്കും. പ്രവാസികൾക്ക് നേരിട്ടെത്താതെ തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാവും. വിവാഹ രജിസ്ട്രേഷൻ ആവശ്യമായ രേഖകൾ ഓൺലൈനിൽ ലോകത്ത് എവിടെയിരുന്നും സമർപ്പിക്കാനാകും. ജിഐഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിമിഷങ്ങൾക്കുള്ളിൽ കെട്ടിട നിർമാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നു.  

Share news