KOYILANDY DIARY

The Perfect News Portal

മലബാറിൻറെ ഐടി ഭൂപട വികസനത്തിന് പുതിയ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറെടുത്ത്‌ സർക്കാർ സൈബർപാർക്ക്

കോഴിക്കോട്: മലബാറിൻറെ ഐടി ഭൂപട വികസനത്തിന് പുതിയ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറെടുത്ത്‌ സർക്കാർ സൈബർപാർക്ക്. 90 വർഷം വരെ ദീർഘിപ്പിക്കാവുന്ന മുപ്പത് വർഷത്തെ ദീർഘകാല പാട്ടക്കരാറിനാണ് സ്ഥലം ലഭ്യമാകുക. ഈ സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ കോ-ഡെവലപ്പർമാരെ ക്ഷണിച്ചു.
സൈബർപാർലെ 25 ഏക്കർ സ്ഥലമാണ് പാട്ടത്തിന് ലഭ്യമാക്കുക. ഇവിടെ ഐടി/ ഐടിഇഎസ് വ്യവസായവും ഇതര വ്യവസായങ്ങളും നടത്താം. ടൂറിസം സാധ്യതകൾ ലഭ്യമാകുന്ന വളരെ മികച്ച ടാലൻറ് പൂളും ഉപയോഗപ്പെടുത്താനാകുമെന്നും കോഴിക്കോടിൻറെ ഐടി വികസനത്തിന് ഇത്‌ മുതൽക്കൂട്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 25 ഏക്കർ സ്ഥലത്തിന് പുറമേ നാല് ലക്ഷം ചതുരശ്ര അടി സ്ഥലത്ത് പുതിയ ഐടി കെട്ടിടം നിർമിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്‌.
ഇതും കോഴിക്കോട്ടേക്ക് പുതിയ ഐടി കമ്പനികളെ ആകർഷിക്കാനും നിരവധി തൊഴിലവസരങ്ങൾ ഒരുക്കാനും കാരണമാകും. റിക്രിയേഷണൽ ഫെസിലിറ്റികൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോൾ ടർഫിന്റെ നിർമാണവും പുരോഗമിക്കുകയാണ്. നിലവിൽ മൂന്ന് ലക്ഷം ചതുരശ്ര അടി ബിൽറ്റ് അപ്പ് സ്ഥലത്ത് 84 കമ്പനികളിലായി 2,100 ജീവനക്കാരാണുള്ളത്‌. 105 കോടി രൂപയായിരുന്നു അവസാന സാമ്പത്തിക വർഷത്തെ സോഫ്റ്റ്‌വെയർ കയറ്റുമതി വരുമാനം.