കേരളത്തിന് മുകളിലൂടെ ശുഭാംശു; കൗതുക കാഴ്ചയൊരുക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയം

തിരുവനന്തപുരം: കൗതുക കാഴ്ചയൊരുക്കി ശുഭാംശു ശുക്ലയുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി. മഴമേഘങ്ങൾ ചിലയിടങ്ങളിൽ കാഴ്ച തടസ്സപ്പെടുത്തിയെങ്കിലും മിക്കയിടത്തും നിലയം വ്യക്തമായി കാണാനായി. ഞായറാഴ്ച വൈകിട്ട് 7.59ന് തെക്ക് പടിഞ്ഞാറ് ദിശയിൽനിന്ന് തിളക്കത്തോടെ എത്തിയ നിലയം 3 മിനിട്ടോളം കാണാനായി. വരും ദിവസങ്ങളിലും ഇത് കാണാം.

തിങ്കളാഴ്ച വൈകിട്ട് 7.08ന് തെക്ക് പടിഞ്ഞാറുനിന്ന് വീണ്ടും എത്തുന്ന നിലയം 7.14 വരെ കാണാനാവും. വടക്ക് കിഴക്കായി മറയും. ചൊവ്വാഴ്ച വൈകിട്ട് 7.57ന് പടിഞ്ഞാറുനിന്ന് എത്തി വടക്കോട്ട് നീങ്ങും. ബുധനാഴ്ച പുലർച്ചെ 5.51ന് വടക്ക് പടിഞ്ഞാറുവഴി എത്തി തെക്ക് കിഴക്കായി 5.57ന് മറയും. വൈകിട്ട് 7.07ന് പടിഞ്ഞാറ് വഴി വീണ്ടുമെത്തി വടക്ക് കിഴക്കായി മറയും.

ശുഭാംശു ശുക്ലയടക്കം 11 പേർ ബഹിരാകാശ നിലയത്തിലുണ്ട്. നിലയത്തിൽ ആദ്യമായി എത്തുന്ന ഇന്ത്യക്കാരനാണ് അദ്ദേഹം. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗതയിലാണ് നിലയം സഞ്ചരിക്കുന്നത്. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലെത്തിയ ശുഭാംശുവും 4 പേരും വ്യാഴാഴ്ച മടങ്ങും. പസഫിക് സമുദ്രത്തിലായിരിക്കും ഇവർ സഞ്ചരിക്കുന്ന ഡ്രാഗൺ പേടകം പതിക്കുക.

