KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ 1.8 കോടി രൂപയുടെ സ്വർണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ  1.8 കോടി രൂപ വില വരുന്ന സ്വർണം പിടികൂടി. മൂന്നു കിലോഗ്രാമോളം സ്വർണം വ്യത്യസ്‌ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച നിലയിലായിരുന്നു സ്വർണം. ജിദ്ദയിൽനിന്നും എത്തിയ മൂന്നു യാത്രക്കാരിൽനിന്നുമാണ് സ്വർണ മിശ്രിതമടങ്ങിയ ക്യാപ്‌സ്യൂളുകൾ പിടികൂടിയത്.

കഴിഞ്ഞ രാത്രി എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ മലപ്പുറം ചെമ്മനിയോട് സ്വദേശി പാതിരാമണ്ണ അബ്ദുൽ അൻസറിൽ (25) നിന്നും 1168 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകളും രാവിലെ സ്‌പൈസ് ജെറ്റ് എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം പാലക്കാവറ്റ സ്വദേശി പൊട്ടങ്ങട് അഷറഫിൽ (35) നിന്നും 863 ഗ്രാം തൂക്കം വരുന്ന മിശ്രിതമടങ്ങിയ  മൂന്നു ക്യാപ്‌സ്യൂളുകളും പിടികൂടി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വലിയപറമ്പിൽ റിയാസിൽ (45) നിന്നും സ്വർണമിശ്രിതമടങ്ങിയ 1157 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സ്യൂളുകളും കണ്ടെത്തി.

Advertisements

പിടികൂടിയ മിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. കള്ളക്കടത്തുസംഘം അൻസാറിന് ഒരു ലക്ഷം രൂപയും അഷറഫിന് 90000 രൂപയും റിയാസിന് 1.1 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്‌തിരുന്നതെന്നാണ് കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.

Advertisements

അസി. കമീഷണർമാരായ കെ എം സൈഫുദ്ദീന്റെയും സിനോയി കെ മാത്യുവിന്റെയും നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എബ്രാഹം കോശി, അനൂപ് പൊന്നാരി, ടി എൻ വിജയ, ഫിലിപ്പ് ജോസഫ്, വിമൽകുമാർ, ഇൻസ്‌പെക്‌ടർമാരായ പോരുഷ് റോയൽ, ദുഷ്യന്ത് കുമാർ, ശിവകുമാർ, അക്ഷയ് സിങ്, ഹെഡ് ഹവൽദാർമാരായ എം കെ വത്സൻ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് കള്ളക്കടത്ത് പിടികൂടിയത്.